മംഗളം | 27 ഫെബ്രുവരി 2011 കണ്ണൂര്‍: ആറളം ഫാമിലെ ആദിവാസി പുനരധിവാസം അവസാനിപ്പിച്ച നടപടി പുന: പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കേരള സ്‌റ്റേറ്റ് പട്ടിക ജാതി- പട്ടിക വര്‍ഗ സംയുക്‌ത സമിതി നേതാക്കളായ പുന്നല ശ്രീകുമാര്‍, സി.കെ. ജാനു എന്നിവര്‍ ആവശ്യപ്പെട്ടു. രണ്ടാം ഭൂപരിഷ്‌കരണം നടപ്പാക്കുക, ആദിവാസി കരാര്‍ നടപ്പാക്കുക, എയ്‌ഡഡ് മേഖലയിലെ നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുക, പട്ടിക വിഭാഗങ്ങളുടെ കടങ്ങള്‍ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കാസര്‍കോട് നിന്നാരംഭിച്ച നീതിയാത്രയുടെ ഭാഗമായാണ് സംയുക്‌ത സമിതി നേതാക്കള്‍ ജില്ലയിലെത്തിയത്. പട്ടിക വര്‍ഗ പുനരധിവാസ ഫണ്ട് വകയിരുത്തി വിലക്ക് വാങ്ങിയ ആറളം ഫാമില്‍ നിന്ന് 3500 ഏക്കര്‍ ഭൂമി ഒരു സ്വകാര്യ കമ്പനിക്ക് കൈമാറിയ നടപടി കാരണമാണ് കണ്ണൂര്‍ ജില്ലയിലെ ആദിവാസികളുടെ പുനരധിവാസഗ അവസാനിപ്പിക്കേണ്ടി വന്നതെന്ന് നേതാക്കള്‍ പറഞ്ഞു. ഇതേ കാരണം കൊണ്ട് ആറളം ഫാമില്‍ 2005 മുതല്‍ താമസിക്കുന്ന 200 ഓളം ആദിവാസികള്‍ കുടിയിറക്ക് ഭീഷണി നേരിടുകയാണ്. 5000 ലേറെ ആദിവാസികള്‍ ഭൂമിക്കായി അപേക്ഷ നല്‍കി ജില്ലയില്‍ കാത്തിരിക്കുന്നുണ്ട്. സ്വകാര്യ കമ്പനിക്ക് ഭൂമി കൈമാറാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ മറ്റൊരു മാര്‍ഗമാണ് കണ്ണൂര്‍, വയനാട് ജില്ലയില്‍ ഭൂരഹിതരില്ലെന്ന് വരുത്തി തീര്‍ക്കാന്‍ പുറത്തിറക്കിയ ഉത്തരവ്. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഒരു സെന്റ് പോലും ഭൂമിയില്ലാത്തവര്‍ക്ക് മാത്രം ഇനി ഭുമി നല്‍കിയാല്‍ മതിയെന്നും ശ്രീകുമാറും സി.കെ.ജാനുവും പറഞ്ഞു. ഈ ഉത്തരവ് ഭൂരഹിത ആദിവാസികള്‍ക്ക് കൃഷി ഭൂമി നിഷേധിക്കാനുള്ളതാണ്. ഇനിമേല്‍ ഭവന നിര്‍മാണത്തിന് പഞ്ചായത്തുകള്‍ നല്‍കുന്ന 3 സെന്റും 5 സെന്റും പദ്ധതി മാത്രം ആദിവാസി- ദളിത് വിഭാഗങ്ങള്‍ക്ക് മതി എന്നാണ് സര്‍ക്കാര്‍ ഉത്തരവിലൂടെ വ്യക്‌തമാക്കിയിരിക്കുന്നതെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ പൊതുമേഖലാ സ്‌ഥാപനമായ പ്ലാന്റേഷന്‍ കോര്‍പ്പറേഷനും ടാറ്റ- ഹാരിസണ്‍ തുടങ്ങിയ വന്‍കിടക്കാരും കൈവശം വെക്കുന്ന ലക്ഷകണക്കിന് ഏക്കര്‍ കൃഷി ഭൂമിയുള്ളപ്പോള്‍ ഭൂമി ഏറ്റെടുത്ത് ഭൂരഹിതര്‍ക്ക് നല്‍കി ഭൂപരിഷ്‌കരണ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഇടത്- വലത് മുന്നണികള്‍ തയ്യാറാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ദലിത്- ആദിവാസി വിഭാഗങ്ങളുടെ വികസന കാര്യത്തില്‍ അനുകമ്പയോടെ സമീപിക്കുന്ന മുന്നണികളോട് മാത്രമേ വരുന്ന തെരഞ്ഞെടുപ്പില്‍ സംയുക്‌ത സമിതി അനുകൂല നിലപാട് സ്വീകരിക്കൂ എന്നും നേതാക്കള്‍ പറഞ്ഞു. ഭൂപരിഷ്‌കരണ സമിതി എം. ഗീതാനന്ദന്‍, കെ. ആര്‍. കേളപ്പന്‍, പി.കെ. രാജന്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു. |
27 February, 2011
ആറളം ഫാമിലെ പുനരധിവാസം അവസാനിപ്പിച്ച നടപടി പുന: പരിശോധിക്കണം: പുന്നല ശ്രീകുമാര്‍, സി.കെ. ജാനു
Subscribe to:
Post Comments (Atom)
No comments:
Post a Comment