ബി.ആർ.പി. ഭാസ്കർ
വി.പി. സിങ്ങ് പ്രധാന മന്ത്രിയായിരുന്നപ്പോൾ ബി.ആർ. അംബേദ്കറുടെ ജന്മശതാബ്ദി രാജ്യവ്യാപകമായി ആഘോഷിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയുണ്ടായി. അന്തരിച്ച് 36 വർഷങ്ങൾക്കുശേഷം അദ്ദേഹത്തിന് ഭാരത് രത്നം ബഹുമതി നൽകപ്പെട്ടു. ഒരു കൊല്ലം നീണ്ട ആഘോഷ പരിപാടികൾ അവസാനിക്കുന്നതിനു മുമ്പ് ഭരണമാറ്റമുണ്ടായി. തുടർന്ന് അധികാരമേറ്റ കോൺഗ്രസ് സർക്കർ 1991ൽ നിയമനിർമ്മാണ സഭകൾക്കു മുന്നിൽ ഭരണഘടനാ ശില്പിയായ അംബേദ്കറുടെ പ്രതിമ സ്ഥാപിക്കാൻ എല്ലാ സംസ്ഥാനങ്ങളോടും നിർദ്ദേശിക്കുകയും അതിനായി പണം വകയിരുത്തുകയും ചെയ്തു. അങ്ങനെ കേരള നിയമസഭയ്ക്ക് മുന്നിൽ സ്ഥാപിക്കാൻ അംബേദ്കറുടെ പ്രതിമ ഉണ്ടാക്കാൻ സംസ്ഥാന സർക്കാർ എം.ആർ.ഡി. ദത്തനെ ചുമതലപ്പെടുത്തി. ശില്പി പ്രതിമ തയ്യാറാക്കിയപ്പോൾ അതേറ്റെടുക്കാൻ ആരും ചെന്നില്ല. പത്ത് കൊല്ലം പ്രതിമ കെട്ടിപ്പൊതിഞ്ഞ നിലയിൽ കിടന്നു.
ആ കാലയളവിൽ ഭരണകൂടത്തെ നയിച്ച കോൺഗ്രസൊ സി.പി.എമ്മൊ അംബേദ്കറെ പുതുതായി നിർമ്മിച്ച നിയമഭാ സമുച്ചയത്തിന്റെ തിരുമുറ്റത്ത് നിൽക്കാൻ യോഗ്യതയുള്ളയാളായി കണ്ടില്ല. നായനാർ സർക്കാരിന്റെ കണ്ണിൽ അതിന് യോഗ്യതയുള്ള ഏക വ്യക്തി ഇ.എം.എസ്. നമ്പൂതിരിപ്പാടായിരുന്നു. അംബേദ്കർക്ക് ബേക്കറി ജങ്ഷനിൽ സ്ഥലം കൊടുത്തു കൊണ്ട് ഇ.എം.എസിനെ അവിടെ കുടിയിരുത്താൻ അത് നീക്കം തുടങ്ങി. ദലിത് സംഘടനകൾ അതിനെതിരെ രംഗത്തു വന്നു. ഒരു ദിവസം ചിലർ നിയമസഭയ്കുള്ളിൽ കടന്ന് പ്രകടനം നടത്തി. സ്പീക്കറായിരുന്ന എം. വിജയകുമാറിന്റെ വീട്ടിനു മുന്നിലും പ്രകടനമുണ്ടായി. ദലിത് സംഘടനകളുടെ പ്രക്ഷോഭവും എതിർമുന്നണിയുടെ സഹായകകരമല്ലാത്ത നിലപാടും മൂലം എൽ.ഡി.എഫ്. സർക്കാർ ഇ.എം,എസ്. പ്രതിമയ്ക്ക് നിയമസഭാ മന്ദിരത്തിനടുത്ത് മറ്റൊരു സ്ഥലം കണ്ടെത്തി. അംബേദ്കർ പ്രതിമ ഗോഡൌണിൽ തന്നെ കിടന്നു.
പിന്നീട് വന്ന യു.ഡി.എഫ്. സർക്കാർ അംബേദ്കർ പ്രതിമയുടെ കാര്യത്തിൽ ഒരു തീരുമാനവുമെടുക്കാതെ മൂന്ന് കൊല്ലം തള്ളി നീക്കി. ഉടൻ തീരുമാനമുണ്ടായില്ലെങ്കിൽ വീണ്ടും പ്രക്ഷോഭം തുടങ്ങുമെന്ന് ദലിത് ആദിവാസി നേതാക്കൾ പ്രഖ്യാപിച്ചപ്പോൾ ഗാന്ധി, നെഹ്രു എന്നിവരുടെ പ്രതിമകൾക്കൊപ്പം അംബേദ്കറുടേതും ഒരു കൊല്ലത്തിനകം നിയമസഭാ പരിസരത്ത് സ്ഥാപിക്കുമെന്ന് സ്പീക്കർ വക്കം പുരുഷോത്തമൻ പ്രസ്താവിച്ചു. പ്രതിമാ പ്രശ്നത്തിൽ ദലിത് നേതാക്കളുടെ നിലപാടിന് അനുകൂലമായ അഭിപ്രായം പൊതുമണ്ഡലത്തിൽ അതിനകം രൂപപ്പെട്ടിരുന്നു. നിയമസഭാ പരിസരത്ത് അംബേദ്കർ പ്രതിമ എന്ന ആശയം ഓടുവിൽ ഉമ്മൻ ചാണ്ടിയുടെ ആദ്യ സർക്കാരിന്റെ കാലത്ത് യാഥാർത്ഥ്യമായി.
അംബേദ്കർ പ്രതിമയുടെ ചരിത്രം ഇപ്പോൾ ഓർക്കാനുള്ള കാരണം തലസ്ഥാന വീഥിയിൽ മൂന്ന് പതിറ്റാണ്ടായി നിൽക്കുന്ന അയ്യൻകാളി പ്രതിമക്ക് അയിത്തം കല്പിക്കാൻ നടക്കുന്ന ശ്രമങ്ങളാണ്. "ബംഗാൾ ഇന്ന് ചിന്തിക്കുന്നത് ഇന്ത്യ നാളെ ചിന്തിക്കുന്നു" എന്ന് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഗോപാലകൃഷ്ണ ഗോഖലെ പറയുകയുണ്ടായി. രണ്ടര നൂറ്റാണ്ടു കാലത്തെ ബ്രിട്ടീഷ് ആധിപത്യത്തിനിടയിൽ ഇംഗ്ളീഷ് വിദ്യാഭ്യാസത്തിലൂടെ നേടിയ മേൽകൈയാണ് ഭാരതീയ നവോത്ഥാനത്തിന് തുടക്കം കുറിക്കാൻ ബംഗാളിനെ സഹായിച്ചത്. ഗോഖലെ ആ പ്രസ്താവം നടത്തുന്ന കാലത്ത്, ക്രൈസ്തവ മിഷണറിമാരുടെ വിദ്യാഭ്യാസരംഗത്തെ പ്രവർത്തനവും പാശ്ചാത്യസ്വാധീനം കൂടാതെ വൈകുണ്ഠസ്വാമി, ശ്രീനാരായണഗുരു തുടങ്ങിയവർ നയിച്ച പ്രസ്ഥാനങ്ങളും കേരളത്തിൽ, പ്രത്യേകിച്ച് തിരുവിതാംകൂർ, കൊച്ചി പ്രദേശങ്ങളിൽ, വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. നേരത്തെ മേൽകൈ ലഭിച്ചിട്ടും മൂന്ന് പതിറ്റാണ്ടു കാലം ഇടതു ഭരണത്തിൻ കീഴിൽ കഴിഞ്ഞിട്ടും ബംഗാളിന്റെ സ്ഥാനം ഇന്ന് കേരളത്തിനു വളരെ പിന്നിലാണ്. ആ സംസ്ഥാനത്തെ ദലിത് പിന്നാക്ക വിഭാഗങ്ങളുടെ അവസ്ഥ ഇവിടത്തേക്കാൾ പരിതാപകരവുമാണ്. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന് ബംഗാളിലേതിനേക്കാൾ ആഴവും പരപ്പും ഉണ്ടായിരുന്നെന്ന് ഇത് തെളിയിക്കുന്നു.
ബംഗാൾ ഉൾപ്പെടെയുള്ള എല്ലാ പ്രദേശങ്ങളെയും പിന്തള്ളിക്കൊണ്ടുള്ള കേരളത്തിന്റെ മുന്നേറ്റത്തിൽ അത്ഭുതാവഹമായ പങ്ക് വഹിച്ച നേതാവാണ് അയ്യൻകാളി. അടിച്ചമർത്തപ്പെട്ട ദലിതരുടെ മോചനത്തിനായി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ വിപ്ളവകരമായിരുന്നു. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കിയ അദ്ദേഹം അവർക്ക് സ്കൂൾ പ്രവേശനം നൽകണമെന്ന ആവശ്യവുമായി തിരുവിതാംകൂർ ഭരണകൂടത്തെ സമീപിച്ചു. ജാതി-ജന്മി മേധാവിത്വത്തിന്റെ എതിർപ്പ് മറികടന്ന് അനുകൂല തീരുമാനമെടുക്കാനുള്ള കഴിവ് അതിനില്ലെന്ന് അറിയാമായിരുന്ന അദ്ദേഹം കുട്ടികളെ സ്കൂളിൽ പ്രവേശിപ്പിക്കുന്നതുവരെ പാടത്ത് പണിയെടുക്കുന്നതിൽ നിന്ന് വിട്ടു നിൽക്കാൻ ദലിതരോട് ആവശ്യപ്പെട്ടു. അങ്ങനെ 1907-08 കാലത്ത് കൃഷി മുടങ്ങി. മാർക്സിനെയൊ അദ്ദേഹത്തിന്റെ സിദ്ധാന്തത്തെയൊ കുറിച്ച് അറിവ് കൂടാതെയാണ് അയ്യൻകാളി കർഷകത്തൊഴിലാളി സമരം സംഘടിപ്പിച്ചത്. പൊതുവീഥികളിലൂടെ അന്തസ്സോടെ യാത്ര ചെയ്യാനുള്ള അവകാശം സ്ഥാപിക്കാനായി അദ്ദേഹം വില്ലുവണ്ടിയിൽ സവാരി നടത്തി. ജാതിക്കോമരങ്ങൾ അക്രമത്തിലൂടെ ദലിത് മുന്നേറ്റം തടയാൻ ശ്രമിച്ചപ്പോൾ കായികബലത്തെ കായികബലം കൊണ്ട് നേരിടാൻ അദ്ദേഹം തയ്യാറായി. അദ്ദേഹത്തിന്റെ കാലിക പ്രസക്തി തിരിച്ചറിഞ്ഞ ഭരണകൂടം അദ്ദേഹത്തെ ശ്രീമൂലം പ്രജാസഭയിലേലേക്ക് നോമിനേറ്റ് ചെയ്തു.
പ്രമുഖ രാഷ്ട്രീയ കക്ഷികൾക്ക് വളരെക്കാലം അയ്യൻകാളിയുടെ സംഭാവന ശരിയായ വിധത്തിൽ വിലയിരുത്താനായില്ല. ഈ അവസ്ഥയിൽ മാറ്റമുണ്ടായത് 1970കളിലാണ്. തുടർന്ന് പി.കെ. വാസുദേവൻ നായർ മുഖ്യമന്ത്രിയായിരിക്കെ തലസ്ഥാന നഗരിയിൽ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചു. ഇടതുപക്ഷ ഐക്യം സാധ്യമാക്കാനായി സി.പി..ഐ. കോൺഗ്രസുമായുള്ള സഖ്യം ഉപേക്ഷിച്ചു പോയശേഷം മുഖ്യമന്ത്രിയായ എ.കെ. ആന്റണി അതിനാവശ്യമായ തുക അനുവദിച്ചു. 1980 നവംബർ 10ന്, ആദ്യ നായനാർ സർക്കാരിന്റെ കാലത്ത്, പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി വെള്ളയമ്പലം ജങ്ഷനിൽ അയ്യൻകാളിപ്രതിമ അനാച്ഛാദനം ചെയ്തു. തിരുവനന്തപുരം കോർപ്പറേഷൻ ആ സ്ഥലത്തിന് അയ്യൻകാളി സ്ക്വയർ എന്ന പേരു നൽകി. സ്ക്വയറും പ്രതിമയും നഗരസഭ സംരക്ഷിക്കുമെന്ന് സി.പി.എം മേയർ എം.പി. പത്മനാഭൻ പ്രഖ്യാപിച്ചു.
സംസ്ഥാനം അയ്യൻകാളിയെ ഈവിധത്തിൽ ആദരിക്കുമ്പോൾ എല്ലാ പ്രമുഖ കക്ഷികളും ആ പ്രക്രിയയിൽ പങ്കാളികളായിരുന്നുവെന്നത് ശ്രദ്ധിക്കുക. ദലിത് ആദിവാസി പ്രശ്നങ്ങളിൽ ഇന്നും അവർ പലപ്പോഴും ഒന്നിക്കാറുണ്ട്. പക്ഷെ അത് പലപ്പോഴും ആ ദുർബല വിഭാഗങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാനല്ല, ഹനിക്കാനാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടു കാലത്തിനിടയിലുണ്ടായ ഈ മാറ്റത്തിനു പിന്നിലുള്ളത് പ്രബല ജാതിമത വിഭാഗങ്ങളിലെ പ്രതിലോമശക്തികളെ പ്രീണിപ്പിച്ച് അധികാരം നേടാനും നിലനിർത്താനുമുള്ള വ്യഗ്രതയാണ്. ഈ പശ്ചാത്തലത്തിൽ അയ്യൻകാളി സ്ക്വയർ ഇല്ലാതാക്കാനും അയ്യൻകാളി പ്രതിമ മാറ്റി സ്ഥാപിക്കാനും സർക്കാർ തയ്യാറാക്കിയിട്ടുള്ള പദ്ധതി നിഷ്കളങ്കമായും സത്യസന്ധതയോടെയും ആവിഷ്കരിച്ചതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
റോഡ് വികസനത്തിന്റെ ഭാഗമായാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. നഗരത്തിന്റെ വളർച്ചയും വാഹനങ്ങളുടെ പെരുപ്പവും കണക്കിലെടുക്കുമ്പോൾ റോഡ് വികസനം അടിയന്തിരശ്രദ്ധ ആവശ്യപ്പെടുന്ന വിഷയമാണെന്ന കാര്യത്തിൽ രണ്ട് അഭിപ്രായത്തിന് വകയില്ല. അതേസമയം ആ പ്രദേശത്തെ വാഹന ഗതാഗതം സുഗമമാക്കാൻ പ്രതിമയും സ്ക്വയറും പോകണമെന്ന അധികൃതരുടെ നിലപാട് ചോദ്യം ചെയ്യപ്പെടാവുന്നതാണ്. മ്യൂസീയം ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾക്ക് സ്ക്വയർ (യഥാർത്ഥത്തിൽ അത് സ്ക്വയറല്ല, സർക്കിൾ ആണ്) ചുറ്റാതെ ശാസ്തമംഗലം ഭാഗത്തേക്ക് പോകാനുതകുന്ന വിധത്തിലാണ് പ്ളാൻ തയ്യാറാക്കിയിട്ടുള്ളത്. ഹൈവേകളിൽ നിന്ന് വ്യത്യസ്തമായി നഗരപാതകൾ സന്ധിക്കുന്നിടത്ത് സർക്കിളൊ, റൌണ്ട്‌എബൌട്ടൊ സ്ക്വയറൊ ഉണ്ടാകുന്നതിനെ തടസമായി കാണേണ്ടതില്ല. കാരണം അവിടെ വാഹനങ്ങൾക്ക് കുറഞ്ഞ വേഗതയെ അനുവദിക്കപ്പെട്ടിട്ടുള്ളു.. ലോകത്തെ പല വൻനഗരങ്ങളിലും സാംസ്കാരികമൊ ചരിത്രപരമൊ ആയ പ്രാധാന്യമുള്ള കെട്ടിടങ്ങളെ നിലനിർത്തിക്കൊണ്ടാണ് ഗതാഗത സംവിധാനങ്ങൾ ഉണ്ടാക്കിയിട്ടുള്ളത്. വലുതും ചെറുതുമായ ഒരു ഡസൻ പാതകളിലൂടെ വരുന്ന വാഹനങ്ങൾ പാരീസ് നഗരത്തിലെ വിജയകമാനം (Arc de Triomphe) ചുറ്റി പോകുന്നു. അത് നിൽക്കുന്ന സ്ഥലം യുദ്ധകാല നേതാവും മുൻപ്രസിഡന്റുമായ ചാൾസ് ഡി ഗാളിന്റെ പേരിലാണ് ഇപ്പോൾ അറിയപ്പെടുന്നത്. ജങ്ഷനുകളിൽ സിഗ്നൽ ലൈറ്റുകളുടെ സഹായത്തോടെ ഗതാഗതം നിയന്ത്രിക്കുന്നതിനേക്കാൾ നല്ലത് സിഗ്നൽ ലൈറ്റുകളില്ലാത്ത റൌണ്ട്എബൌട്ടുകൾ (roundabouts) ആണെന്നാണ് അമേരിക്കയിലെ ഗതാഗത വിദഗ്ദ്ധർ കണ്ടെത്തിയിരിക്കുന്നത്. അപകടങ്ങളും അപകടമരണങ്ങളും പരിക്കുകളും കുറയ്ക്കാനും ഗതാഗതശേഷി വർദ്ധിപ്പിക്കാനും വൈദ്യുതി ഉപയോഗം കുറയ്ക്കാനും ഉതകുന്ന റൌണ്ട്‌എബൌട്ട് അവർ രൂപകല്പന ചെയ്തിട്ടുണ്ട്. നിരവധി സ്മാരകങ്ങളും
നാഷനൽ ഗാലറി പോലുള്ള സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന ലണ്ടനിലെ ചരിത്രപ്രസിദ്ധമായ ട്രഫാൾഗർ സ്ക്വയറിനു മുന്നൂറോളം കൊല്ലത്തെ പഴക്കമുണ്ട്. അതിനു ചുറ്റുമുള്ള പാതകളിലെ ഗതാഗതകുരുക്കിന് പരിഹാരം കാണാൻ സമീപകാലത്ത് ചില പരിഷ്കാരങ്ങൾ നടപ്പിലാക്കുകയുണ്ടായി. അതിന്റെ ഭാഗമായി ഒരു പാതയിൽ വാഹനങ്ങൾ പൂർണ്ണമായി ഒഴിവാക്കി കാൽനടക്കാർക്കായി മാറ്റിവെച്ചിട്ടുണ്ട്. അധികൃതർ ശാസ്ത്രീയമായ പഠനങ്ങളിലൂടെ ഗതാഗത ആവശ്യങ്ങൾ കൃത്യമായി വിലയിരുത്തി അതിന്റെ വെളിച്ചത്തിൽ ഉചിതമായ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഉദാഹരണങ്ങളാണിവ.
അയ്യൻകാളിയെ നിഷ്കാസനം ചെയ്യുകയെന്ന ഗൂഢലക്ഷ്യത്തോടെ വേണ്ടത്ര പഠനം കൂടാതെ വെള്ളയമ്പലം റോഡ് വികസന പദ്ധതി ആവിഷ്കരിക്കുകയായിരുന്നെന്ന സംശയം ദലിത് സംഘടനകൾ പ്രകടിപ്പിച്ചിട്ടുണ്ട്. അതിനെ ചെറുക്കുവാനായി അവർ അയ്യൻകാളി സ്ക്വയർ സംരക്ഷണ സമിതി രൂപീകരിച്ചിട്ടുമുണ്ട്. മുപ്പതു കൊല്ലം മുമ്പ് നഗരപിതാവ് നൽകിയ വാഗ്ദാനം പാലിക്കാൻ സമീപകാല മാതാപിതാക്കൾ കൂട്ടാക്കിയിട്ടില്ലെന്ന് അവിടേയ്ക്ക് കണ്ണോടിച്ചാൽ മനസിലാകും. സംരക്ഷണ സമിതി ഈയിടെ സംഘടിപ്പിച്ച ഒരു പൊതുപരിപാടിയിൽ സംസാരിച്ച നേതാക്കളെല്ലാം തന്നെ ഈ അവഗണനയെ അയിത്തമനോഭാവത്തിന്റെ തുടർച്ചയായാണ് കണ്ടത്. കവടിയാറിൽ നിന്ന് വെള്ളയമ്പലം വഴി ദിവസേന ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് പോയിരുന്ന മുൻരാജകുടുംബാംഗങ്ങൾ ഇപ്പോൾ അയ്യൻകാളി സ്ക്വയർ ഒഴിവാക്കി നന്തൻകോട് വഴിയാണ് പോകുന്നതെന്ന് ഒരു പ്രാസംഗികൻ പറഞ്ഞു. ഇത് ശരിയാണെങ്കിൽ അവർ അയ്യൻകാളിയെ മാത്രമല്ല അദ്ദേഹത്തെ പ്രജാ സഭയിലേക്ക് നോമിനേറ്റ് ചെയ്ത ശ്രീമൂലം തിരുനാൾ, ദേവദാസി സമ്പ്രദായവും മൃഗക്കുരുതിയും അവസാനിപ്പിക്കുകയും സാമൂഹിക പരിഷ്കർത്താക്കളുടെ പല ആവശ്യങ്ങളും അംഗീകരിക്കുകയും ചെയ്ത റീജന്റ് സേതുലക്ഷിബായി, ക്ഷേത്രങ്ങൾ എല്ലാ ഹിന്ദുക്കാൾക്കും തുറന്നു കൊടുത്ത ശ്രീചിത്തിര തിരുനാൾ എന്നീ പൂർവികരെയും നിന്ദിക്കുകയാണെന്ന് പറയേണ്ടിവരും. ശ്രീപത്മനാഭസ്വാമി ക്ഷേത്രം സംബന്ധിച്ച കേസിൽ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ കോടതിയിൽ സമർപ്പിച്ച ഒരു സത്യവാങ്മൂലത്തിൽ താൻ തിരുവിതാംകൂർ മഹാരാജാവാണെന്നും ക്ഷേത്രപ്രവേശന വിളംബരം ഒരു രാഷ്ട്രീയ തീരുമാനമായിരുന്നെന്നും അത് പാലിക്കാനുള്ള ബാധ്യത തനിക്കില്ലെന്നുമൊക്കെയുള്ള, ചരിത്രത്തിനും ഭരണഘടനയ്ക്കും നിരക്കാത്ത, അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നുവെന്നതും ഇവിടെ ഓർക്കേണ്ടതുണ്ട്. പത്മനാഭസ്വാമിക്ഷേത്രം സംബന്ധിച്ച കാര്യങ്ങളിലുള്ള കേരള സർക്കാരിന്റെ സമീപനം അതിന്റെമേൽ ജാതിക്കോമരങ്ങളുടെ സ്വാധീനം എത്ര വലുതാണെന്ന് കാണിക്കുന്നു.
ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി തുടങ്ങിയവരോടൊപ്പം ധീരമായ നേതൃത്വം നൽകി കേരളത്തെ മുന്നോട്ടു കൊണ്ടുപോയ നവോത്ഥാന നായകനായ അയ്യൻകാളി ഒരു നൂറ്റാണ്ടിനുശേഷം ചിലരെ അസ്വസ്ഥരാക്കുന്നതിന്റെ കാരണം നവോത്ഥാനമൂല്യങ്ങളുടെ നിരാസമാണ്. ഈ സ്ഥിതിവിശേഷം സൃഷ്ടിക്കുന്നതിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും മാധ്യമങ്ങൾക്കും പങ്കുണ്ട്. ദീർഘകാലം ആധിപത്യം നിലനിർത്തിയ വിഭാഗങ്ങൾക്ക് സംഖ്യാബലവും സംഘടനാശേഷിയും ഉപയോഗിച്ച് സ്വന്തം ശക്തിയുടെ അടിസ്ഥാനത്തിൽ അധികാരത്തിൽ വരാൻ കഴിവില്ലാത്ത രാഷ്ട്രീയ കക്ഷികളെ സ്വാധീനിക്കാനാകുന്നു. ആ സ്വാധീനത്തെ മറികടക്കാനുള്ള ശേഷി ദലിതർക്കില്ല.
ദലിത് സംഘടനകളുടെ പരിപാടികൾ റിപ്പോർട്ട് ചെയ്യാൻ ദിനപത്രങ്ങളും ചാനലുകളും സാധാരണഗതിയിൽ പ്രതിനിധികളെ നിയോഗിക്കാറില്ല. ഇതിൽ അസ്പൃശ്യതാ മനോഭാവത്തിന്റെ പ്രതിഫലനമില്ലേ?. സംഘാടകർ എഴുതി നൽകുന്ന റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കാനുള്ള സന്മനസ് ചിലപ്പോൾ പത്രങ്ങൾ കാട്ടാറുണ്ടെന്ന് മാത്രം.
അയ്യൻകാളി പ്രതിമാ പ്രശ്നം രാഷ്ട്രീയസാമൂഹ്യ നിലപാടുകളുടെ ഉരകല്ലാണ്. ആ പ്രതിമയോളം പ്രതീകാത്മക പ്രാധാന്യം അവകാശപ്പെടാവുന്ന വളരെയൊന്നും തലസ്ഥാന നഗരിയിലില്ല. അത് നിലനിൽക്കണമെന്നത് തങ്ങളുടെ ആവശ്യമാണെന്ന് നവോത്ഥാനമൂല്യങ്ങൾ നിലനിർത്തണമെന്നാഗ്രഹിക്കുന്ന എല്ലാവരും തിരിച്ചറിയണം. റോഡ് വികസനത്തിന് അത് മാറ്റിസ്ഥാപിച്ചേ മതിയാകൂവെങ്കിൽ അക്കാര്യത്തെക്കുറിച്ച് ബഹുജനങ്ങളെ ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിയണം. (Kalakaumudi, November 6, 2011)

No comments:
Post a Comment