08 December, 2015

ഭൂരിപക്ഷ ഐക്യമുണ്ടായാല്‍ സാമൂഹിക നീതിയുണ്ടാവില്ല-പുന്നല ശ്രീകുമാർ

തിരുവനന്തപുരം: ഭൂരിപക്ഷ ഐക്യമുണ്ടായാല്‍ സാമൂഹിക നീതിയുണ്ടാവില്ളെന്ന് കെ.പി.എം.എസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍. സംവരണ അട്ടിമറിക്കും വംശഹത്യക്കുമെതിരെ കെ.പി.എം.എസ് നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് വെള്ളയമ്പലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂരിപക്ഷ സമുദായ ഐക്യമല്ല മറിച്ച് മതേതര ഐക്യമാണ് ഇവിടെയുണ്ടാവേണ്ടത്. മണ്ണും മനുഷ്യനും നശിക്കാതിരിക്കാനുള്ള ഐക്യമാണ് വേണ്ടത്. 14 ശതമാനം സംവരണം അനുഭവിക്കുന്ന സമുദായത്തിന്‍െറ നേതാവാണ് സംവരണവിരുദ്ധരുടെ പാളയത്തിലേക്ക് ആളെക്കൂട്ടുന്നതെന്നത്. മതേതരത്വവും സോഷ്യലിസവും ജനാധിപത്യവും ഭീഷണിയിലാണ്. വംശഹത്യക്കെതിരെ മാതൃകാപരമായ സമരമാണ് കെ.പി.എം.എസ് നടത്തുന്നത്. സമരത്തിനത്തെിയവരുടെ അംഗബലമാണ് കെ.പി.എം.എസിന്‍െറ പ്രഹരശേഷി. സംഘ്പരിവാറിന്‍െറ നയങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണമാണ് നരേന്ദ്ര മോദി. സംവരണത്തിനെതിരായ പ്രക്ഷോഭങ്ങളുടെ കേന്ദ്രം ഇനി ഡല്‍ഹിയാണ്. സംവരണത്തിന് ഗുജ്ജര്‍ മോഡല്‍ സമരം നടത്താനും തയാറാണ്. പട്ടികജാതിക്കാരായ കുരുന്നുകളെ ചുട്ടുകൊല്ലുന്നത് കണ്ടിട്ടും പുരസ്കാരം തിരിച്ചുനല്‍കാത്തവരാണ് നാട്ടിലെ സാഹിത്യകാരന്മാരെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു. പ്രസിഡന്‍റ് പി.കെ. രാജന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബൈജു കലാശാല സ്വാഗതം പറഞ്ഞു. വന്‍ ജനാവലി ആയിരുന്നതിനാല്‍ വെള്ളയമ്പലം സ്ക്വയറിലും മാനവീയം റോഡിലും ഒരേസമയം യോഗങ്ങള്‍ നടത്തി. പി. ജനാര്‍ദനന്‍, ടി.എസ്. രജികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

No comments:

Post a Comment