കനൽ സൂര്യൻ കഥ പറയുമ്പോൾ
വഴി നടക്കാനുംവയര്‍ നിറയ്ക്കാനും വിദ്യാഭ്യാസത്തിനുമായി പോരാട്ടം നടത്തിയ ഒരു കാലഘട്ടത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ട് ഒരു നാടകവണ്ടി പുറപ്പെട്ടു കഴിഞ്ഞു. പന്തളം ചേരിക്കല്‍ ഗ്രാമത്തില്‍ നിന്നാണ് ആ യാത്ര. അടിച്ചമര്‍ത്തപ്പെട്ടവരുടെ കൈപിടിച്ചുയര്‍ത്തിയ മഹാത്മ അയ്യങ്കാളിയുടെ ജീവിതമാണ് 'പഞ്ചമി സ്മൃതി' എന്ന സമിതി അരങ്ങിലെത്തിക്കുന്നത്.
കീഴാളരുടെ മോചനത്തിന്റെ ചരിത്രവുമായി കര്‍ട്ടനുയരുമ്പോള്‍ ഈ നാടകത്തിന് പറയാന്‍ അണിയറയില്‍ മറ്റൊരു കഥയുമുണ്ട്. 'കനല്‍സൂര്യന്‍' എന്ന നാടകം അവതരിപ്പിക്കാന്‍ ദുരിതങ്ങളും ത്യാഗങ്ങളും സഹിച്ച ചേരിയിലെ കുറേ മനുഷ്യരുടെ കഥ. സംവിധായകനെ കണ്ടെത്തി അരങ്ങില്‍ വേഷങ്ങളായി മാറിയും ഊണും ഉറക്കവും ഉപേക്ഷിച്ച് അണിയറയില്‍ നിറഞ്ഞതുമായ ചേരിക്കലിലെ മനുഷ്യരുടെ കഥ. നാടകത്തെ സ്നേഹിച്ചവര്‍ നല്കിയ പൊതിച്ചോറും ചമ്മന്തിയും മുതല്‍ താലിമാല പോലും പണയപ്പെടുത്തി നല്കിയ പണം വരെയും ഇവര്‍ക്ക് കരുത്താണ്.
അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മുതല്‍ ചുമട്ടുത്തൊഴിലാളി വരെയുള്ളവരാണ് ഈ നാടകത്തില്‍ അഭിനയിക്കുന്നത്. അയ്യങ്കാളിയുടെ ജീവിതത്തിന് നാടകത്തിന്റെ രംഗഭാഷ നല്കുമ്പോള് ഈ നാട്ടുകാര്‍ നെഞ്ചില്‍ കൈ വയ്ക്കുന്നു, ഇതിലെ കഥാപാത്രങ്ങളും അണിയറക്കാരും ഞങ്ങള്‍ മാത്രമാണെന്ന്. ഉത്സവ പറമ്പുകളില്‍ നാടകം കണ്ടു മാത്രം ശീലമുള്ളവര്‍ പ്രൊഫഷണല്‍ നാടകങ്ങളെപ്പോലും പിന്തള്ളി മനസുകളില്‍ ഇടം നല്കുന്നു.
യുവാക്കളുടെ ശബ്ദം
ഒരു വര്‍ഷം മുമ്പുള്ള സന്ധ്യാനേരത്ത് ചേരിക്കല്‍ പഞ്ചായത്ത് സാംസ്കാരിക നിലയത്തില്‍ അയ്യങ്കാളിയുടെ പ്രതിമ സ്ഥാപിക്കുന്നതിനായി ചേര്‍ന്ന പ്രദേശവാസികളുടെ യോഗം. പ്രതിമാ അനാച്ഛാദനത്തോടൊപ്പം അയ്യങ്കാളിയുടെ ചരിത്രം ജനങ്ങളില്‍ എത്തിക്കണമെന്ന അഭിപ്രായവും ഉയര്‍ന്നു. പലരും പല മാര്‍ഗങ്ങളും നിര്‍ദേശിച്ചു. യുവാക്കളുടെ കൂട്ടത്തില്‍ നിന്നാണ് നാടകം എന്ന ശബ്ദം ഉയര്‍ന്നത്. കാണാനെത്തുന്നവരോട് നേരിട്ട് സംവേദിക്കുന്ന മാധ്യമം എന്ന നിലയിലാണ് നാടകം അവതരിപ്പിക്കാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങിയത്. നാടകം കണ്ടും കേട്ടും മാത്രം ശീലമുള്ളവര്‍ക്ക് മുന്നില്‍ വെല്ലുവിളികള്‍ ഏറെയായിരുന്നു. കൂടിയവരില്‍ പലരും പല ജോലികളും ഇതിനായി ഏറ്റെടുത്തു. അജിത് കുമാര്‍ നാടക രചനയെന്ന വലിയ ദൗത്യം ഏറ്റെടുത്തതോടെ സമിതിക്ക് പ്രതീക്ഷയുടെ ചിറക് മുളച്ചു. മുമ്പ് നാടകത്തില്‍ അഭിനയിച്ച് ശീലമുള്ള പ്രിയരാജും ഒരുമിച്ചതോടെ അയ്യങ്കാളിയെ ആര് അവതരിപ്പിക്കുമെന്ന ചോദ്യത്തിനും ഉത്തരമായി. സ്ത്രീകള്‍ ഉള്‍പ്പെടെ അഭിനയിക്കാനായെത്തി, കെ.പി.എ.സിയിലെ നടന് മനോജ് നാടകത്തിന്റെ ആദ്യ പാഠങ്ങള്‍ പകരാന്‍ എത്തിയതും തുണയായി. ക്യാമ്പ് വളര്‍ന്നതോടെ മനോജ് സംവിധായകന്റെ വേഷവുമിട്ടു. കര്ട്ടന് കെട്ടുന്നത് മുതല്‍ കഥാപാത്രമാകുന്നതു വരെ മനോജ് പരിശീലിപ്പിച്ചു.
വായിച്ചും പറഞ്ഞും അറിഞ്ഞിരുന്ന അയ്യങ്കാളിയുടെജീവിതത്തിലേക്ക് ചേരിക്കല്‍ ഗ്രാമം മടങ്ങുകയായിരുന്നു. കഴിയാവുന്നത്ര വിവരങ്ങള്‍ ശേഖരിച്ചു. പലരോടും അഭിപ്രായങ്ങള്‍ തിരക്കി. ഒടുവില്‍ പ്രധാന സംഭവവികാസങ്ങള്‍ കോര്‍ത്തിണക്കി ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകം അവര്‍ വേദിയില്‍ എത്തിച്ചു. 2014 ഓഗസ്റ്റ് 10ന് ചേരിക്കലില്‍ അയ്യങ്കാളിയുടെ പ്രതിമ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കനല് സൂര്യന് ആദ്യമായി അവതരിപ്പിച്ചു. നിറഞ്ഞ സദസ് ശ്വാസം അടക്കി നാടകം കണ്ടപ്പോള്‍ അതും ചരിത്രമായി. നാടകത്തിന് പ്രൊഫഷണലിസം വേണമെന്ന ആവശ്യവുമുയര്‍ന്നു. പിന്നീട് വലിയ സ്റ്റേജിന്റെ വലിയ സാധ്യതകളായിരുന്നു ലക്ഷ്യം.
യാതനകളുടെ അരങ്ങില്‍
പഞ്ചായത്തിന്റെ സാംസ്കാരിക നിലയം റിഹേഴ്സല്‍ ക്യാമ്പാക്കി മാറ്റിയെങ്കിലും വര്‍ദ്ധിച്ചുവന്ന ചെലവുകള്‍ നാടക പ്രവര്‍ത്തകര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പലരും കൂലിപ്പണികള്‍ പോലും കളഞ്ഞ് ക്യാമ്പിന്റെ ഭാഗമായപ്പോള്‍ സാമ്പത്തിക പ്രശ്നവും രൂക്ഷമായി. ആഹാരത്തിന് പോലും മുട്ടുണ്ടായ സമയമായിരുന്നു അത്. പച്ചവെള്ളം കുടിച്ച് റിഹേഴ്സല്‍ നടത്തേണ്ട ഗതികേട്. ഈ സമയം അടുത്തുള്ള വീടുകളില്‍ നിന്ന് പൊതിച്ചോറ് എത്തിച്ചത് ഈ നാടിന്റെ നല്ല മനസാണ്. പല വീടുകളില്‍ നിന്ന് ഊഴമനുസരിച്ച് ചോറു പൊതികളെത്തി. ഒരു പൊതി ചോറുമായെത്തി നാടകത്തിന്റെ ഭാഗമായവരുമുണ്ട്. സെയില്‍സ് മാനായ മനു. എം.എസ് എന്ന യുവാവിനെ ഇവര്‍ക്ക് ഒരിക്കലും മറക്കാനാകില്ല, മനുവിന്റെ ഭാര്യയുടെ താലിമാല ഉള്‍പ്പെടെയുള്ള സ്വര്‍ണം പണയംവച്ചു നല്കിയ നാലുലക്ഷം രൂപയാണ് സമിതിക്ക് മുതല്‍ക്കൂട്ടായത്. രംഗം ഒരുക്കാനും റെക്കാര്‍ഡിംഗിനുമായി വലഞ്ഞ സമയത്തായിരുന്നു മനു രക്ഷകനായത്.
കഥ,
കഥാപാത്രങ്ങള്‍ ..
അയ്യങ്കാളിയുടെജനനം മുതല്‍ മരണം വരെയുള്ള പ്രധാന സംഭവ വികാസങ്ങളാണ് നാടകം ചര്‍ച്ച ചെയ്യുന്നത്. വയല്‍വരമ്പും രണ്ട് കുടിലുകളും പശ്ചാത്തലമാക്കിയാണ് കഥ പുരോഗമിക്കുന്നത്. എല്ലാവര്ക്കും സഞ്ചാര സ്വാതന്ത്ര്യം എന്ന ആശയവുമായി അയ്യങ്കാളിയുടെ സമര ചരിത്രത്തിന് തുടക്കമിട്ട വില്ലുവണ്ടിയാത്ര, ചാലിയം തെരുവ് സമരം, പുല്ലാട് ലഹള, തൊഴിലിനും കൂലിക്കുമായി ഒരു വര്‍ഷം നീണ്ടു നിന്ന പട്ടിണി സമരം തുടങ്ങിയ ചരിത്ര മുഹൂര്‍ത്തങ്ങളിലേക്ക് അരങ്ങ് ചെന്നെത്തുന്നുണ്ട്. അയിത്തജാതിക്കാരില്‍ നിന്ന് ആദ്യമായി സ്കൂളിലെത്തിയ പഞ്ചമിയുടെ ഓര്‍മ്മയ്ക്കാണ് സമിതിക്ക് 'പഞ്ചമിസ്മൃതി അരങ്ങ്' എന്ന് നാമകരണം നടത്തിയിട്ടുള്ളത്.
അച്ഛനും മകളും വേഷമിടുമ്പോള്‍
പട്ടികജാതി സമുദായ സംഘടനാ നേതാവും കമ്മ്യുണിസ്റ്റ്നേതാവുമായിരുന്ന പരേതനായ പന്തളം ഭരതന്റെ മകന് പ്രിയരാജ് ഭരതനാണ് മുഖ്യകഥാപാത്രമായ അയ്യങ്കാളിയെ അവതരിപ്പിക്കുന്നത്. പ്രിയരാജിന്റെ മകള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി സര്‍ഗപ്രിയ പഞ്ചമിയുടെ വേഷത്തിലും എത്തുന്നു. അയ്യങ്കാളിയുടെ യൗവനം മുതല്‍ മരണം വരെ വ്യത്യസ്ത ഭാവങ്ങളോടും ശബ്ദ ക്രമീകരണത്തോടും ഈ കലാകാരന് അഭിനയിച്ചിരിക്കുന്നു. സ്കൂള്‍ നാടകവേദിയിലൂടെയും പന്തളം നാട്ടരങ്ങിലൂടെയുമാണ് അരങ്ങിലേക്കുള്ള വരവ്. മലയാലപ്പുഴ സ്വദേശിനി അനിതയാണ് ഭാര്യ. സ്കൂള്‍ കലോത്സവ വേദിയിലൂടെയും അച്ഛന്റെ പാത പിന്തുടര്ന്നുമാണ് സര്‍ഗപ്രിയ അരങ്ങിലെത്തിയത്.
കടപ്പാട്:കെ.എ. മനൂപ് (ലേഖകൻ),കേരളകൗമുദി ദിനപത്രം.
No comments:
Post a Comment