ആലപ്പുഴ: യുദ്ധസാഗരത്തിൽ നിന്ന് ആനന്ദസാഗരത്തിലേക്കുള്ള പരിണാമ പ്രക്രിയയാണ് ദൈവദശകം കൃതിയിലൂടെ ശ്രീനാരായണ ഗുരുദേവൻ മാനവരാശിക്കു പകർന്നു നൽകിയതെന്ന് പ്രൊഫ. എം.കെ. സാനു പറഞ്ഞു. കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ദൈവദശകം, ജാതിക്കുമ്മി എന്നീ കൃതികളുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സ്മൃതിവർഷം പരിപാടി നഗരചത്വരത്തിലെ ശ്രീനാരായണഗുരു നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എക വചനം ഉപേഷിച്ചു കൊണ്ട് ബഹുവചനത്തിലൂടെ മാനവരാശിയെ ഉദ്ഘോഷിച്ചാണ് ഗുരുസ്വാമി ദൈവദശകം സമർപ്പിച്ചിരുക്കന്നത്. അർഹിക്കുന്നവരോടു ദയ തോന്നിക്കണം. കാറൽമാക്സിന്റെ വിപ്ളകരമായ പ്രത്യയശാസ്ത്രം വിജയിച്ചത് അദ്ദേഹത്തിന്റെ മനസിലെ കാരുണ്യംകൊണ്ടായിരുന്നു. പൗരാണിക സംസ്കാരത്തിന്റെ ഭക്തിപ്രഭാവമാണ് നവോത്ഥാനത്തിന് ശക്തിപകർന്നത്. ടാഗോറിന്റെയും ആശാൻ-ഉള്ളൂർ-വള്ളത്തോൾ എന്നിവരുടെയും കവിതകളിലും പൗരാണിക ചിന്തകൾക്ക് ആദരവ് നൽകിയിട്ടുണ്ട്. ആശയപരമായ ചിന്തയും സംവാദങ്ങളും പഠനവുമാണ് സമൂഹത്തിന് ആവശ്യം. കെ.പി.എം.എസിന് കൂടുതൽ ശക്തി ഉണ്ടാകുവാൻ എഴുത്തുകാരും പ്രഭാഷകരും കൂടുതൽ പേർ ഉണ്ടാവണം. സംഘടനയ്ക്ക് ശക്തിപകരാൻ ഉദ്യോഗസ്ഥരെക്കാളും ഭരണകർത്താക്കളെക്കാളും നല്ലത് എഴുത്തുകാരാണ് എന്നും സാനുമാസ്റ്റർ പറഞ്ഞു.
ലളിതമാണെന്ന് തോന്നുന്നതാണ് ശ്രീനാരായണ ഗുരുവിന്റെ ദൈവദശകം എന്നും അത് വ്യഖ്യാനിക്കുക അത്ര ലളിതമല്ലെന്നും മുഖ്യപ്രാഷണം നടത്തിയ പി.എസ്.സി ചെയർമാൻ ഡോ.കെ.എസ്.രാധാകൃഷ്ണൻ പറഞ്ഞു.
കെ.പി.എം.എസ് രക്ഷാധികാരി പുന്നല ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.സി. വിഷ്ണുനാഥ് എം.എൽ.എ, രാജൂ എബ്രാഹാം എം.എൽ.എ, പി.തിലോത്തമൻ എം.എൽ.എ, അഡ്വ.സി.കെ വിദ്യാസാഗർ, വി.ശ്രീധരൻ, പി.ജനാർദ്ദനൻ എന്നിവർ സംസാരിച്ചു. ഇന്ന് നടക്കുന്ന ഡോ.അംബേദ്കർ ജയന്തി സമ്മേളനത്തോടെ നാലുദിവസമായി നടന്നു വന്ന സംസ്ഥാന സമ്മേളനം സമാപിക്കും.
Courtesy:Mathrubhumi Daily
No comments:
Post a Comment