കോട്ടയം: ജാതി സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ പറ്റിയവരും സാമ്പത്തിക സംവരണത്തെ പിന്തുണയ്ക്കുന്നവര്‍ക്കൊപ്പം പോകുന്നതിനെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍. സംഘടനയുടെ സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്.എന്‍.ഡി.പി. നേതൃത്വത്തില്‍ രൂപവല്‍ക്കരിക്കാന്‍ പോകുന്ന രാഷ്ട്രീയപാര്‍ട്ടി ചാപിള്ളയാകും. ഭൗതികനേട്ടങ്ങള്‍ക്കായി ചിലര്‍ നവോത്ഥാനമൂല്യങ്ങള്‍ ബലികഴിക്കാന്‍ ശ്രമിക്കുകയാണ്. നായാടി മുതല്‍ നമ്പൂതിരി വരെയുള്ളവരുടെ താല്‍പ്പര്യം സംരക്ഷിക്കുമെന്നാണ് ചിലര്‍ പറയുന്നത്. പുതിയ നീക്കങ്ങള്‍ക്കൊണ്ട് ഈ രണ്ടു കൂട്ടര്‍ക്കും ഗുണമുണ്ടാകുമെന്ന് തോന്നുന്നില്ല. അപഥസഞ്ചാരം നടത്തുന്ന ചില പട്ടികജാതി സംഘടനകളും സംവരണത്തെ എതിര്‍ക്കുന്ന രാഷ്ടീയചേരിയിലുണ്ടെന്നത് ഖേദകരമാണ്.
കോര്‍പ്പറേറ്റുകളുടെ താല്‍പ്പര്യമാണ് ഇവിടെ സംരക്ഷിക്കപ്പെടുന്നത്. രാജ്യത്തിന്റെ പൊതുസ്വത്ത് ചിലര്‍ക്കായി തീറെഴുതുന്നു. വിഴിഞ്ഞം പദ്ധതികളില്‍ ഉള്‍പ്പെടെ ഇതാണ് കാണുന്നത്. ഈ സാഹചര്യത്തില്‍ സംവരണവും വേണ്ടെന്നു പറയുന്നത് അടിസ്ഥാന ജനവിഭാഗങ്ങളെ വീണ്ടും ഇരുട്ടിലേക്ക് തള്ളിവിടാനേ ഇടയാക്കൂ.
രാജ്യത്ത് കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ക്ഷയിക്കുകയാണ്. അതിനാല്‍ കെ.പി.എം.എസ്. കേന്ദ്രീകൃത രാഷ്ട്രീയനിലപാട് പ്രഖ്യാപിക്കുന്നില്ല. പ്രാദേശികമായ പ്രത്യേകതകള്‍ക്കനുസരിച്ച് പ്രവര്‍ത്തകര്‍ക്ക് ഇഷ്ടമുള്ള രാഷ്ട്രീയപാര്‍ട്ടികളെ പിന്തുണയ്ക്കാം.
സംസ്ഥാന പ്രസിഡന്റ് പി.കെ.രാജന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി ബൈജു കലാശാല പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഖജാന്‍ജി എല്‍.രമേശന്‍, വി.ശ്രീധരന്‍, പി.ജനാര്‍ദനന്‍, പി.സജീവ്കുമാര്‍, ടി.എസ്.സജികുമാര്‍, ടി.എ.വേണു, അഡ്വ. എ.സനീഷ് കുമാര്‍, സാബു കരിശ്ശേരി, കെ.ടി.ധര്‍മ്മരാജന്‍, അജിത് കല്ലറ തുടങ്ങിയവര്‍ സംസാരിച്ചു.
13 October, 2015
ആനുകൂല്യം പറ്റിയവരും സാമ്പത്തികസംവരണത്തെ പിന്തുണയ്ക്കുന്നവര്‍ക്കൊപ്പം പോകുന്നത് തെറ്റ്- പുന്നല ശ്രീകുമാര്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment