കൊല്ലം: അയ്യങ്കാളിയുടെ ജീവിതവും ദളിതര്‍ക്കുവേണ്ടി നയിച്ച വിപ്ലവങ്ങളും എല്ലായിടത്തും എഴുതിച്ചേര്‍ക്കപ്പെടേണ്ടവയാണെന്ന് സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. ഇന്ത്യയുടെ ചരിത്രം ഒരുപാട് തവണ വായിച്ചെങ്കിലും പെരിനാട് വിപ്ലവത്തിന്റെയും അയ്യങ്കാളിയുടെയും മാഹാത്മ്യം പങ്കുവയ്ക്കാനോ അതില്‍ പങ്കെടുത്ത ഒരു വനിതയെക്കുറിച്ചുപോലും അറിയാനോ കഴിയുന്നില്ല എന്നത് വിഷമകരമാണ്. അതിനാല്‍ ഇത്രയും പാരമ്പര്യം അവകാശപ്പെടാനുള്ള പെരിനാട് വിപ്ലവത്തെക്കുറിച്ചും മറ്റ് ദളിത് മുന്നേറ്റങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ബന്ധപ്പെട്ട അധികാരികള്‍ ശ്രമിക്കണം. കേരള പുലയര്‍ മഹിളാ ഫെഡറേഷന്റെ രജതജൂബിലി സമ്മേളനത്തോടനുബന്ധിച്ച് കൊല്ലം പീരങ്കി മൈതാനത്ത് സംഘടിപ്പിച്ച പെരിനാട് വിപ്ലൂവത്തിന്റെ നൂറാം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
രാജ്യത്ത് ജാതീയമായ അടിച്ചമര്‍ത്തലുകള്‍ ഇന്നും തുടരുന്നു. അതിനുദാഹരണമാണ് ദളിതരായ പിഞ്ചുകുഞ്ഞുങ്ങള്‍ തീപ്പൊള്ളലേറ്റ് മരിച്ചത്. ഒരു സ്ത്രീ സാമൂഹികമായി അടിച്ചമര്‍ത്തപ്പെടുമ്പോള്‍ ഒരു ദളിത് സ്ത്രീ സാമൂഹികമായും ജാതീയമായും അടിച്ചമര്‍ത്തപ്പെടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഒരേ കിണറില്‍നിന്ന് വെള്ളമെടുക്കാന്‍ സാധിക്കാത്ത ദളിത് സഹോദരങ്ങള്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ ജീവിക്കുന്നുണ്ട്. പല സ്ഥലത്തും ഇവര്‍ ഭൂരഹിതരുമാണ്. ഭൂവുടമകളെന്നും തൊഴിലാളികളെന്നുമുള്ള വ്യത്യാസവും നിലനില്‍ക്കുന്ന സാമ്പത്തിക വ്യവസ്ഥകളിലുമെല്ലാം മാറ്റം വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ദളിതര്‍ക്ക് അവഗണനയുണ്ടാകുമ്പോള്‍ ഞങ്ങള്‍ എന്തുചെയ്യണമെന്ന് ചോദിക്കുന്ന അധികാരികളാണ് കേന്ദ്രത്തിലിരിക്കുന്നത്. അത്തരക്കാരെ അധികാരത്തില്‍നിന്ന് പുറത്താക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എല്ലായിടത്തും സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കുകയാണ്. എന്നാല്‍ സംവരണം സ്വകാര്യമേഖലയില്‍ക്കൂടി വ്യാപിപ്പിക്കാനാണ് ആവശ്യപ്പെടുന്നതെന്നും വൃന്ദ പറഞ്ഞു.
ഭരണഘടന ഒരു വിഭാഗത്തിന് മാത്രമായല്ല അവകാശങ്ങള്‍ നല്‍കിയിട്ടുള്ളതെന്ന് ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനിരാജ പറഞ്ഞു. അത് അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ഓരോ പൗരനും നല്‍കുന്നുണ്ട്. ഒരു ദളിത് കുടുംബത്തെ കിരാതമായി കൊന്നതിനുപിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും അത് തിരിച്ചറിയാന്‍ ഓരോരുത്തര്‍ക്കും കഴിയണമെന്നും അവര്‍ പറഞ്ഞു.
കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.എന്‍.ബാലഗോപാല്‍ എം.പി., കെ.പി.എം.എഫ്. സംസ്ഥാന പ്രസിഡന്റ് കെ.കെ.വിനോമ, സെക്രട്ടറി സുനന്ദ രാജന്‍, ട്രഷറര്‍ വിമല ടി.ശശി, അഡ്വ. ഷാനിമോള്‍ ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു.
25 October, 2015
അയ്യങ്കാളിയുടെ ജീവിതം പാഠ്യവിഷയമാക്കണം-വൃന്ദ കാരാട്ട്
Subscribe to:
Post Comments (Atom)
No comments:
Post a Comment