11 April, 2015

ശക്തിപ്രകടനത്തോടെ കെ.പി.എം::എസ്. സംസ്ഥാന സമ്മേളനത്തിന് തുടക്കം കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി

കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി

ആലപ്പുഴ:സംഘടനയുടെ കരുത്തുകാട്ടിയ ശക്തിപ്രകടനത്തോടെ കെ.പി.എം.എസ്. 44-ാം സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയില്‍ ആവേശോജ്ജ്വല തുടക്കം. മഴയെ അവഗണിച്ച് ആയിരങ്ങളാണ് അവകാശപ്പോരാട്ടങ്ങളുടെ കഥപറഞ്ഞ പ്രകടനത്തിലൂടെ ആവേശമായി നീങ്ങിയത്. അയ്യങ്കാളിക്ക് മുദ്രാവാക്യം മുഴക്കി പ്രവര്‍ത്തകര്‍ സമ്മേളന നഗരിയായ ഇ.എം.എസ്. സ്റ്റേഡിയത്തിലേക്ക് ഒഴുകിയപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മേളനദീപം തെളിയിച്ചു. കെ.പി.എം.എസ്. ആവശ്യപ്പെട്ടാല്‍ കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.
സംവരണംകൊണ്ട് എല്ലാം ആയി എന്ന് നമ്മള്‍ ധരിക്കരുത്. സംവരണം ഒരു അവസരം മാത്രമാണ്. അറിവുനേടി എല്ലാ സ്ഥാനത്തും അവകാശികളാകണം. അയ്യങ്കാളി ആഗ്രഹിച്ചതുപോലെ കെ.പി.എം.എസ്. ഓരോ ലക്ഷ്യവും നേടി മുന്നേറുകയാണ്. കെ.പി.എം.എസ്സിന് വിദ്യാഭ്യാസ സ്ഥാപനം അനുവദിച്ച് യു.ഡി.എഫ്. സര്‍ക്കാര്‍ നീതി കാട്ടി. നിങ്ങള്‍ അര്‍ഹിക്കുന്നത് വൈകിയാണെങ്കിലും നല്‍കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പിന്നാക്ക ജനവിഭാഗങ്ങള്‍ക്കെല്ലാം നീതിയുടെ മാര്‍ഗം കാണിച്ച് ശക്തി തെളിയിച്ച് കെ.പി.എം.എസ്. മുന്നോട്ട് പോകുന്നത് സമൂഹത്തിന് അഭിമാനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. പട്ടികജാതിക്കാരുടെ ഒരു ലക്ഷം രൂപ വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളുമെന്നും എല്ലാ പ്രശ്‌നങ്ങള്‍ക്കും കൂടെയുണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചോദിച്ചതെല്ലാം കെ.പി.എം.എസ്സിന് നല്‍കിയ മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടിയെന്ന് സ്വാഗതപ്രസംഗത്തില്‍ ജനറല്‍ സെക്രട്ടറി ബൈജു കലാശാല പറഞ്ഞതോടെ സദസ്സില്‍ കൈയടി ഉയര്‍ന്നു. കെ.പി.എം.എസ്. പ്രസിഡന്റ് പി.കെ. രാജന്‍ അധ്യക്ഷനായി. രക്ഷാധികാരി പുന്നല ശ്രീകുമാര്‍ സഭാ സന്ദേശം നല്‍കി. കെ.സി. വേണുഗോപാല്‍ എം.പി., ആര്‍. രാജേഷ് എം.എല്‍.എ., ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, കെ.പി.വൈ.എം. പ്രസിഡന്റ് സാബു കാരശ്ശേരി, വിമല ടി.ശശി, സി.സി. ബാബു എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനം 14ന് സമാപിക്കും.


കടപ്പാട്:മാതൃഭൂമി,മലയാള മനോരമ,മംഗളം ദിനപത്രങ്ങൾ.

06 April, 2015

പന്തളം പഞ്ചമി സ്മൃതി അരങ്ങ്

വഴി നടക്കാനുംവയര്‍ നിറയ്ക്കാനും വിദ്യാഭ്യാസത്തിനുമായി പോരാട്ടം നടത്തിയ ഒരു കാലഘട്ടത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ട് ഒരു നാടകവണ്ടി പുറപ്പെട്ടു കഴിഞ്ഞു. പന്തളം ചേരിക്കല്‍ ഗ്രാമത്തില്‍ നിന്നാണ് ആ യാത്ര. അടിച്ചമര്‍ത്തപ്പെട്ടവരുടെ കൈപിടിച്ചുയര്‍ത്തിയ മഹാത്മ അയ്യങ്കാളിയുടെ ജീവിതമാണ് 'പഞ്ചമി സ്മൃതി' എന്ന സമിതി അരങ്ങിലെത്തിക്കുന്നത്.2015 ഏപ്രിൽ 27 ന് പന്തളം സെൻറ്റ് തോമസ് പാരിഷ് ഹാളിൽ വെച്ച് ബഹു:സാംകാരിക വകുപ്പ് മന്ത്രി ശ്രീ കെ.സി.ജോസഫ് സമിതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കുന്നു.മുഖ്യാതിഥികൾ ആയി ശ്രീ പുന്നല ശ്രീകുമാർ (ബഹു: കെ പി എം എസ് രക്ഷാധികാരി) ,ശ്രീ ചിറ്റയം ഗോപകുമാർ എം.എൽ.എ, ശ്രീ പി.കെ രാജൻ (ബഹു:പ്രസിഡൻറ്റ് കെ.പി.എം.എസ്) , ശ്രീ ബൈജു കലാശാല (ബഹു:ജനറൽ സെക്രട്ടറി കെ.പി.എം.എസ്),ശ്രീ പി.കെ കുമാരൻ(ദേവസ്വം ബോർഡ് അംഗം),ശ്രീ തൈക്കൂട്ടത്തിൽ സക്കീർ (ദേശിയ ന്യൂനപക്ഷ സമിതി അംഗം),ശ്രീ കെ.എൻ അച്ചുതൻ (കെ.പി.എം.എസ് പത്തനംതിട്ട ജില്ല പ്രസിഡൻറ്റ്) എന്നിവർ പങ്കെടുക്കുന്നു..

ബന്ധപ്പെടുക:
പഞ്ചമി സ്മൃതിയരങ്ങ്
കെ.പി.വൈ.എം ചേരിക്കൽ
പന്തളം,പത്തനംതിട്ട ജില്ല

ഫോൺ:
9447 264 011
8589 818 412
9744 906 777

ക​​​നൽ​​​ ​​​സൂ​​​ര്യൻ​ ​ ക​​​ഥ​​​ ​​​പ​​​റ​​​യു​​​മ്പോൾ

​​ക​​​നൽ​​​ ​​​സൂ​​​ര്യൻ​ ​ ക​​​ഥ​​​ ​​​പ​​​റ​​​യു​​​മ്പോൾ​​​ ​​


വഴി നടക്കാനുംവയര്‍ നിറയ്ക്കാനും വിദ്യാഭ്യാസത്തിനുമായി പോരാട്ടം നടത്തിയ ഒരു കാലഘട്ടത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ട് ഒരു നാടകവണ്ടി പുറപ്പെട്ടു കഴിഞ്ഞു. പന്തളം ചേരിക്കല്‍ ഗ്രാമത്തില്‍ നിന്നാണ് ആ യാത്ര. അടിച്ചമര്‍ത്തപ്പെട്ടവരുടെ കൈപിടിച്ചുയര്‍ത്തിയ മഹാത്മ അയ്യങ്കാളിയുടെ ജീവിതമാണ് 'പഞ്ചമി സ്മൃതി' എന്ന സമിതി അരങ്ങിലെത്തിക്കുന്നത്.




കീഴാളരുടെ മോചനത്തിന്റെ ചരിത്രവുമായി കര്‍ട്ടനുയരുമ്പോള്‍ ഈ നാടകത്തിന് പറയാന്‍ അണിയറയില്‍ മറ്റൊരു കഥയുമുണ്ട്. 'കനല്‍സൂര്യന്‍' എന്ന നാടകം അവതരിപ്പിക്കാന്‍ ദുരിതങ്ങളും ത്യാഗങ്ങളും സഹിച്ച ചേരിയിലെ കുറേ മനുഷ്യരുടെ കഥ. സംവിധായകനെ കണ്ടെത്തി അരങ്ങില്‍ വേഷങ്ങളായി മാറിയും ഊണും ഉറക്കവും ഉപേക്ഷിച്ച് അണിയറയില്‍ നിറഞ്ഞതുമായ ചേരിക്കലിലെ മനുഷ്യരുടെ കഥ. നാടകത്തെ സ്‌നേഹിച്ചവര്‍ നല്‍കിയ പൊതിച്ചോറും ചമ്മന്തിയും മുതല്‍ താലിമാല പോലും പണയപ്പെടുത്തി നല്‍കിയ പണം വരെയും ഇവര്‍ക്ക് കരുത്താണ്.



അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മുതല്‍ ചുമട്ടുത്തൊഴിലാളി വരെയുള്ളവരാണ് ഈ നാടകത്തില്‍ അഭിനയിക്കുന്നത്. അയ്യങ്കാളിയുടെ ജീവിതത്തിന് നാടകത്തിന്റെ രംഗഭാഷ നല്‍കുമ്പോള്‍ ഈ നാട്ടുകാര്‍ നെഞ്ചില്‍ കൈ വയ്ക്കുന്നു, ഇതിലെ കഥാപാത്രങ്ങളും അണിയറക്കാരും ഞങ്ങള്‍ മാത്രമാണെന്ന്. ഉത്സവ പറമ്പുകളില്‍ നാടകം കണ്ടു മാത്രം ശീലമുള്ളവര്‍ പ്രൊഫഷണല്‍ നാടകങ്ങളെപ്പോലും പിന്തള്ളി മനസുകളില്‍ ഇടം നല്‍കുന്നു.
യുവാക്കളുടെ ശബ്ദം
ഒരു വര്‍ഷം മുമ്പുള്ള സന്ധ്യാനേരത്ത് ചേരിക്കല്‍ പഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ അയ്യങ്കാളിയുടെ പ്രതിമ സ്ഥാപിക്കുന്നതിനായി ചേര്‍ന്ന പ്രദേശവാസികളുടെ യോഗം. പ്രതിമാ അനാച്ഛാദനത്തോടൊപ്പം അയ്യങ്കാളിയുടെ ചരിത്രം ജനങ്ങളില്‍ എത്തിക്കണമെന്ന അഭിപ്രായവും ഉയര്‍ന്നു. പലരും പല മാര്‍ഗങ്ങളും നിര്‍ദേശിച്ചു. യുവാക്കളുടെ കൂട്ടത്തില്‍ നിന്നാണ് നാടകം എന്ന ശബ്ദം ഉയര്‍ന്നത്. കാണാനെത്തുന്നവരോട് നേരിട്ട് സംവേദിക്കുന്ന മാധ്യമം എന്ന നിലയിലാണ് നാടകം അവതരിപ്പിക്കാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങിയത്. നാടകം കണ്ടും കേട്ടും മാത്രം ശീലമുള്ളവര്‍ക്ക് മുന്നില്‍ വെല്ലുവിളികള്‍ ഏറെയായിരുന്നു. കൂടിയവരില്‍ പലരും പല ജോലികളും ഇതിനായി ഏറ്റെടുത്തു. അജിത് കുമാര്‍ നാടക രചനയെന്ന വലിയ ദൗത്യം ഏറ്റെടുത്തതോടെ സമിതിക്ക് പ്രതീക്ഷയുടെ ചിറക് മുളച്ചു. മുമ്പ് നാടകത്തില്‍ അഭിനയിച്ച് ശീലമുള്ള പ്രിയരാജും ഒരുമിച്ചതോടെ അയ്യങ്കാളിയെ ആര് അവതരിപ്പിക്കുമെന്ന ചോദ്യത്തിനും ഉത്തരമായി. സ്ത്രീകള്‍ ഉള്‍പ്പെടെ അഭിനയിക്കാനായെത്തി, കെ.പി.എ.സിയിലെ നടന്‍ മനോജ് നാടകത്തിന്റെ ആദ്യ പാഠങ്ങള്‍ പകരാന്‍ എത്തിയതും തുണയായി. ക്യാമ്പ് വളര്‍ന്നതോടെ മനോജ് സംവിധായകന്റെ വേഷവുമിട്ടു. കര്‍ട്ടന്‍ കെട്ടുന്നത് മുതല്‍ കഥാപാത്രമാകുന്നതു വരെ മനോജ് പരിശീലിപ്പിച്ചു.
വായിച്ചും പറഞ്ഞും അറിഞ്ഞിരുന്ന അയ്യങ്കാളിയുടെജീവിതത്തിലേക്ക് ചേരിക്കല്‍ ഗ്രാമം മടങ്ങുകയായിരുന്നു. കഴിയാവുന്നത്ര വിവരങ്ങള്‍ ശേഖരിച്ചു. പലരോടും അഭിപ്രായങ്ങള്‍ തിരക്കി. ഒടുവില്‍ പ്രധാന സംഭവവികാസങ്ങള്‍ കോര്‍ത്തിണക്കി ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകം അവര്‍ വേദിയില്‍ എത്തിച്ചു. 2014 ഓഗസ്റ്റ് 10ന് ചേരിക്കലില്‍ അയ്യങ്കാളിയുടെ പ്രതിമ സ്ഥാപിക്കുന്നതിന്റെ ഭാഗമായി കനല്‍ സൂര്യന്‍ ആദ്യമായി അവതരിപ്പിച്ചു. നിറഞ്ഞ സദസ് ശ്വാസം അടക്കി നാടകം കണ്ടപ്പോള്‍ അതും ചരിത്രമായി. നാടകത്തിന് പ്രൊഫഷണലിസം വേണമെന്ന ആവശ്യവുമുയര്‍ന്നു. പിന്നീട് വലിയ സ്‌റ്റേജിന്റെ വലിയ സാധ്യതകളായിരുന്നു ലക്ഷ്യം.



യാതനകളുടെ അരങ്ങില്‍
പഞ്ചായത്തിന്റെ സാംസ്‌കാരിക നിലയം റിഹേഴ്സല്‍ ക്യാമ്പാക്കി മാറ്റിയെങ്കിലും വര്‍ദ്ധിച്ചുവന്ന ചെലവുകള്‍ നാടക പ്രവര്‍ത്തകര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പലരും കൂലിപ്പണികള്‍ പോലും കളഞ്ഞ് ക്യാമ്പിന്റെ ഭാഗമായപ്പോള്‍ സാമ്പത്തിക പ്രശ്നവും രൂക്ഷമായി. ആഹാരത്തിന് പോലും മുട്ടുണ്ടായ സമയമായിരുന്നു അത്. പച്ചവെള്ളം കുടിച്ച് റിഹേഴ്സല്‍ നടത്തേണ്ട ഗതികേട്. ഈ സമയം അടുത്തുള്ള വീടുകളില്‍ നിന്ന് പൊതിച്ചോറ് എത്തിച്ചത് ഈ നാടിന്റെ നല്ല മനസാണ്. പല വീടുകളില്‍ നിന്ന് ഊഴമനുസരിച്ച് ചോറു പൊതികളെത്തി. ഒരു പൊതി ചോറുമായെത്തി നാടകത്തിന്റെ ഭാഗമായവരുമുണ്ട്. സെയില്‍സ് മാനായ മനു. എം.എസ് എന്ന യുവാവിനെ ഇവര്‍ക്ക് ഒരിക്കലും മറക്കാനാകില്ല, മനുവിന്റെ ഭാര്യയുടെ താലിമാല ഉള്‍പ്പെടെയുള്ള സ്വര്‍ണം പണയംവച്ചു നല്‍കിയ നാലുലക്ഷം രൂപയാണ് സമിതിക്ക് മുതല്‍ക്കൂട്ടായത്. രംഗം ഒരുക്കാനും റെക്കാര്‍ഡിംഗിനുമായി വലഞ്ഞ സമയത്തായിരുന്നു മനു രക്ഷകനായത്.
കഥ,


കഥാപാത്രങ്ങള്‍ ..
അയ്യങ്കാളിയുടെജനനം മുതല്‍ മരണം വരെയുള്ള പ്രധാന സംഭവ വികാസങ്ങളാണ് നാടകം ചര്‍ച്ച ചെയ്യുന്നത്. വയല്‍വരമ്പും രണ്ട് കുടിലുകളും പശ്ചാത്തലമാക്കിയാണ് കഥ പുരോഗമിക്കുന്നത്. എല്ലാവര്‍ക്കും സഞ്ചാര സ്വാതന്ത്ര്യം എന്ന ആശയവുമായി അയ്യങ്കാളിയുടെ സമര ചരിത്രത്തിന് തുടക്കമിട്ട വില്ലുവണ്ടിയാത്ര, ചാലിയം തെരുവ് സമരം, പുല്ലാട് ലഹള, തൊഴിലിനും കൂലിക്കുമായി ഒരു വര്‍ഷം നീണ്ടു നിന്ന പട്ടിണി സമരം തുടങ്ങിയ ചരിത്ര മുഹൂര്‍ത്തങ്ങളിലേക്ക് അരങ്ങ് ചെന്നെത്തുന്നുണ്ട്. അയിത്തജാതിക്കാരില്‍ നിന്ന് ആദ്യമായി സ്‌കൂളിലെത്തിയ പഞ്ചമിയുടെ ഓര്‍മ്മയ്ക്കാണ് സമിതിക്ക് 'പഞ്ചമിസ്മൃതി അരങ്ങ്' എന്ന് നാമകരണം നടത്തിയിട്ടുള്ളത്.
അച്ഛനും മകളും വേഷമിടുമ്പോള്‍
പട്ടികജാതി സമുദായ സംഘടനാ നേതാവും കമ്മ്യുണിസ്റ്റ്‌നേതാവുമായിരുന്ന പരേതനായ പന്തളം ഭരതന്റെ മകന്‍ പ്രിയരാജ് ഭരതനാണ് മുഖ്യകഥാപാത്രമായ അയ്യങ്കാളിയെ അവതരിപ്പിക്കുന്നത്. പ്രിയരാജിന്റെ മകള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി സര്‍ഗപ്രിയ പഞ്ചമിയുടെ വേഷത്തിലും എത്തുന്നു. അയ്യങ്കാളിയുടെ യൗവനം മുതല്‍ മരണം വരെ വ്യത്യസ്ത ഭാവങ്ങളോടും ശബ്ദ ക്രമീകരണത്തോടും ഈ കലാകാരന്‍ അഭിനയിച്ചിരിക്കുന്നു. സ്‌കൂള്‍ നാടകവേദിയിലൂടെയും പന്തളം നാട്ടരങ്ങിലൂടെയുമാണ് അരങ്ങിലേക്കുള്ള വരവ്. മലയാലപ്പുഴ സ്വദേശിനി അനിതയാണ് ഭാര്യ. സ്‌കൂള്‍ കലോത്സവ വേദിയിലൂടെയും അച്ഛന്റെ പാത പിന്‍തുടര്‍ന്നുമാണ് സര്‍ഗപ്രിയ അരങ്ങിലെത്തിയത്.




കടപ്പാട്:കെ.എ. മനൂപ് (ലേഖകൻ),കേരളകൗമുദി ദിനപത്രം.

01 April, 2015

അയ്യങ്കാളി മെമ്മോറിയൽ ആർട്സ് & സയൻസ് കോളേജ്

 കേരള പുലയര്‍ മഹാസഭ (കെ പി എം എസ്)ക്ക് സര്‍ക്കാര്‍ അനുവദിച്ച ആര്‍ട്‌സ് ആന്റ് സയന്‍സ് എയ്ഡഡ് കോളജിന് അനുവദിച്ച ആറ് ഏക്കര്‍ ഭൂമിയുടെ സർവ്വേയിൽ നിന്നും. പത്തനാപുരം പിറവന്തൂരില്‍ കിന്‍ഫ്രയുടെ കൈവശമുള്ള 51 ഏക്കര്‍ ഭൂമിയില്‍ നിന്നാണ് സ്ഥലം അനുവദിച്ചത്



Add caption

















29 March, 2015

കെ.പി.എം.എസ്സിന്റെ ശക്തി പ്രാദേശിക പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകണം-പുന്നല ശ്രീകുമാര്

കൊല്ലം:കെ.പി.എം.എസ്സിന്റെ ശക്തി പ്രാദേശിക പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകണമെന്നും ആശയസംവാദത്തിന് വേണ്ടിയുള്ള അവസരങ്ങള്‍ക്കുവേണ്ടി വേദിയൊരുക്കണമെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു. കെ.പി.എം.എസ്സിന്റെ 44-ാം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനറല്‍ കണ്‍വീനര്‍ എന്‍.അംബുജാക്ഷന്‍ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എല്‍.രാജന്റെ അധ്യക്ഷതയില്‍ ജില്ലാ സെക്രട്ടറി ടി.എസ്.രജികുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഡി.ഉദയസേനന്‍ വരവുചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് പി.കെ.രാജന്‍, ആക്ടിങ് സെക്രട്ടറി വി.ശ്രീധരന്‍, സെക്രട്ടേറിയറ്റ് അംഗം എന്‍.ബിജു, വി.സത്യവതി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സോമശേഖരന്‍, സത്യാനന്ദന്‍, എം.ജെ.ഉത്തമന്‍ എന്നിവര്‍ സംസാരിച്ചു.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍ക്കും സ്വയംസഹായ സംഘങ്ങള്‍ക്കും വ്യാവസായികരംഗത്ത് കടന്നുവരുവാന്‍ കഴിയത്തക്ക രീതിയില്‍ ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും പെരിനാട് വിപ്ലവത്തിന്റെ നൂറാം വാര്‍ഷിക ചരിത്രസ്മാരകമായി കൊല്ലം ജില്ലാ പഞ്ചായത്ത് പരിസരത്തുള്ള കമ്മാന്‍കുളം സംരക്ഷിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജില്ലാ ഭാരവാഹികളായി കെ.സുരേന്ദ്രന്‍ (പ്രസി.) ഡി.സുഗതന്‍, സി.സത്യനാഥന്‍ (വൈ. പ്രസി.മാര്‍), കെ.സത്യാനന്ദന്‍ (സെക്ര.), പി.രഘു, പി.സുധാകരന്‍ (അസി. സെക്ര.) ബി.ആര്‍.ശശി (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.

24 March, 2015

ആത്മീയരംഗത്ത് ഇനിയും വിപ്ലവങ്ങള്‍ നടക്കേണ്ടതുണ്ട്-പുന്നല ശ്രീകുമാർ

തുറവൂര്‍:ആത്മീയരംഗത്ത് ഇനിയും വിപ്ലവങ്ങള്‍ നടക്കേണ്ടതുണ്ടെന്ന് കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പറഞ്ഞു. പാറയില്‍ ചെമ്പകശ്ശേരി കാവിലെ പൊങ്കാലയുടെ ഭദ്രദീപ പ്രകാശനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ശ്രീനാരായണഗുരു അരുവിപ്പുറത്ത് നടത്തിയ പ്രതിഷ്ഠയായിരുന്നു ആത്മീയ രംഗത്തെ മുന്നേറ്റത്തിനു തുടക്കവും ഊര്‍ജവും പകര്‍ന്നത്. എന്നാല്‍ അതിനുശേഷം എടുത്തുപറയത്തക്ക വിപ്ലവം ഒന്നുംതന്നെ ഉണ്ടായില്ല. കലാകാരന് തന്റെ കഴിവുകള്‍ ദൈവസന്നിധിയില്‍ അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തെപോലും തടയുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. സുനി വി.വളപ്പനൊടിത്തറ അധ്യക്ഷനായിരുന്നു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി രമേഷ് മണി, തുറവൂര്‍ യൂണിയന്‍ പ്രസിഡന്റ് സത്യന്‍, സെക്രട്ടറി വി.വി. നാരായണന്‍, രജിമോന്‍, സുധീഷ്‌ലാല്‍ ഞുണ്ടുമുറി, ഷൈജുമോന്‍ കണ്ടത്തിത്തറ എന്നിവര്‍ സംസാരിച്ചു. കലശാഭിഷേകം, അന്നദാനം, ഉച്ചക്കളം, അന്തിക്കളം, മഹാഗുരുതി എന്നിവയുണ്ടായിരുന്നു.

നവോത്ഥാനചരിത്രം വളച്ചൊടിക്കാന്‍ അനുവദിക്കില്ല -പുന്നല ശ്രീകുമാര്

വൈക്കം:വൈക്കം സത്യാഗ്രഹം അടക്കമുള്ള നവോത്ഥാന പോരാട്ടങ്ങളുടെ ചരിത്രം വളച്ചൊടിക്കാന്‍ അനുവദിക്കില്ലെന്ന് കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പറഞ്ഞു. ചാതുര്‍വര്‍ണ്യവ്യവസ്ഥിതിയുടെ ജീര്‍ണതകള്‍ക്കെതിരായ പോരാട്ടമായിരുന്നു വൈക്കംസത്യാഗ്രഹം. കെ.പി.എം.എസ്. ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീകുമാര്‍.
ജില്ലാ പ്രസിഡന്റ് ഡോ. ടി.വി.സുരേഷ്‌കുമാര്‍ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് പി.കെ.രാജന്‍, അസിസ്റ്റന്റ് സെക്രട്ടറി പി.സജീവ്കുമാര്‍, സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.ജനാര്‍ദ്ദനന്‍, അഡ്വ. എ.സനീഷ്‌കുമാര്‍, സി.സത്യവതി, ജില്ലാ സെക്രട്ടറി അജിത് കല്ലറ, സംസ്ഥാനകമ്മിറ്റിയംഗങ്ങളായ സാബു കാരിശ്ശേരി, അനില്‍ അമര, സി.ചന്ദ്രന്‍, എം.വി.രാജു, െറജി മൂലക്കര, അനീഷ് വാഴപ്പള്ളി, അനില്‍ കാരിക്കോട്,, മജീഷ് പി.എം, ലതിക സജീവ്, മിനി പ്രകാശ്, ചെല്ലമ്മ ഗോപിനാഥ്, സുദര്‍ശന ബാലകൃഷ്ണന്‍, വിജിനി കൃഷ്ണകുമാര്‍, മധു ഉല്ലല, പി.കെ.അശോകന്‍, ബാബു വടക്കേമുറി, കെ.വിദ്യാധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

17 March, 2015

പള്ളിവാള്‍ മിന്നിച്ച്, അരമണി കിലുക്കി, കാല്‍ചിലമ്പ് താളത്തില്‍ കാലുയര്‍ത്തി ചവിട്ടി

പള്ളിവാള്‍ മിന്നിച്ച്, അരമണി കിലുക്കി, കാല്‍ചിലമ്പ് താളത്തില്‍ കാലുയര്‍ത്തി ചവിട്ടി, ചുവന്ന കണ്ണിനാല്‍ ദേവിയെ രൂക്ഷമായൊന്ന് നോക്കി തന്‍റ സമൃദ്ധമായ മുടിയിഴകള്‍ ഒറ്റ കുലുക്കിന് പുറകോട്ടെറിഞ്ഞ് വെളിച്ചപ്പാടൊന്നുറഞ്ഞ് തുള്ളി.

മുതിര്‍ന്ന സ്ത്രീകള്‍ മുടിയഴിച്ചിട്ടാടി. താലമെടുത്ത പട്ടു പാവാടക്കാരികള്‍ നിന്ന് വിറച്ചു.
കരിങ്കുട്ടിയാവേശിച്ച ബാല്യക്കാരന്‍ 'മുടുങ്കോല്‍ വടി' കൊണ്ട് പുറത്തടിച്ചു.

താളത്തിലുയര്‍ന്ന ചെണ്ട പ്പെരുക്കത്തില്‍ അവകാശികള്‍ അരയില്‍ ചുവന്ന പട്ടു കെട്ടിയാടി.

അരയാലും, പുന്നിലഞ്ഞിയും, കള്ളി ചെമ്പകവും വിറകൊണ്ടു.
കുരുത്തോല തലപ്പുകളില്‍ കെട്ടിയ ചെമ്പരത്തിപൂക്കള്‍ വാള്‍ തലപ്പിനാലറ്റു വീണു.
നൂറും, മഞ്ഞളും കൂട്ടി തൊട്ടത് നെറ്റിത്തട വിയര്‍പ്പിനാലൊഴുകി പരന്നു.

ദ്രുത താളത്തിലുയര്‍ന്ന് താഴ്ന്ന വലംതലയിലെ പെരുമഴ പെയ്ത് തോര്‍ന്നു.

വലിയൊരു 'ഹുങ്കാര'ത്തോടെ ദേവീ പുരുഷന്‍ നെറുകയില്‍ വാള്‍ കൊണ്ട് വെട്ടി.
ചാലിട്ടൊഴുകിയ രക്തം കണ്ടതും
അരുളപ്പാടിനായി കാതോര്‍ത്തു. താന്താങ്ങളുടെ സങ്കടങ്ങളെല്ലാം നിറമിഴിയോടെ ദേവീസ്വരൂപത്തില്‍ സമര്‍പ്പിച്ചു.

ഇടംകയ്യില്‍ പള്ളിവാളുയര്‍ത്തി വലം കയ്യിനാല്‍ അരിയും, പൂവും കൂട്ടിയെറിഞ്ഞനുഗ്രഹിച്ച കോമരം ദേവീ നടയില്‍ വലിഞ്ഞമര്‍ന്നു.

നിറകൊണ്ട പാതിരക്കും ഗുരുതിക്കുഴിഞ്ഞ് വെച്ച കോഴികള്‍ ഉശിരു കാട്ടി.

പൂര്‍വ്വ പിതാക്കന്‍മാരായ മുത്തപ്പന്‍മാര്‍ക്ക് തുടി കൊട്ടി തോറ്റം. ഒറ്റ ചിലമ്പും, കൈമണിയും കൂടി പാടി.

കുത്തുവിളക്കിലെ വാഴപ്പോള നടുവെരിഞ്ഞുണങ്ങി.

കുംഭം പിറന്നപ്പോള്‍ കാവുണര്‍ത്തിയവരെല്ലാം അശ്വതി കാവ് തീണ്ടാന്‍ ഒരുങ്ങി കഴിഞ്ഞു. മീനഭരണിയില്‍ കൊടുങ്ങല്ലൂരിലമര്‍ന്നാല്‍ കുടി കൂട്ടി പിരിയാം.

മേടത്തില്‍ പെയ്യുന്ന മഴയില്‍ കിളിര്‍ക്കാം പുതു നാമ്പുകള്‍.
കന്നിനെ തെളിക്കാനിനി പാടത്തേക്കിറങ്ങാം.ദേവിയേയും മാലോകരേയും ഊട്ടുവാനുണ്ട്.

അതിനാണീ പൂട്ടല്‍...
അതിനാണീ കന്ന് പൂട്ടല്‍..... എല്ലാരുമുണ്ണട്ടെ.....
പാല്‍പായസം കൂട്ടിയുണ്ണട്ടെ! പടച്ചോറുണ്ണട്ടെ.
അരവണയും, തൃമധുരവും, കടും പായസവും കൂട്ടി മൂക്ക് മുട്ടെയുണ്ണട്ടെ.
ആയിരം തിരി നീട്ടി നെയ്ത്തിരി വെളിച്ചത്തിലുണ്ണട്ടെ!!

അപ്പോഴുമെന്‍റ മുത്തപ്പന് കള്ളും, തവിടും ചിരട്ടയില്‍ കിട്ടും. എണ്ണയൊഴിക്കാതെ കത്തുന്നൊരൊറ്റ തിരി മതിയെനിക്ക്. ഇരട്ട ചൂട്ടും ഒറ്റ പന്തവും ധാരാളം.
വാല്‍ കിണ്ടിയിലൊഴിച്ച നറുംപാല് വേണ്ട.
പാലും പൊടിയും, നൂറും പാലും വേണ്ട.

അതിനിടക്കെപ്പഴോയെന്‍റയമ്മ പുള്ളി കുത്തിയ പുത്തന്‍ കലത്തില്‍ കലം കരിച്ചു.

ഇനിയെനിക്കുള്ളത് പൊട്ടിയ ബലൂണ്‍ കഷ്ണങ്ങളും, ഏതാനും ചില വളപ്പൊട്ടുകളും മാത്രം.

ഇനിയൊന്നുറങ്ങണം. ഓലയില്‍ കിടന്നുറങ്ങണം. നാടന്‍ കോഴി തേങ്ങ പൂളിട്ട് വെന്ത് മണം വരുന്നത് വരെ മാത്രം.

Aneesh Parappanangadi

11 March, 2015

പുന്നല ശ്രീകുമാര്‍ ചെയര്‍മാന്‍

തിരുവനന്തപുരം:തിരുവനന്തപുരത്തുകൂടിയ പഞ്ചമി സ്വയംസഹായ സംഘത്തിന്റെ 5-ാം വാര്‍ഷികസമ്മേളനം ചെയര്‍മാനായി പുന്നല ശ്രീകുമാറിനെ തിരഞ്ഞെടുത്തു. പി.കെ.രാജന്‍ (കോ-ഓര്‍ഡിനേറ്റര്‍), വി.ശ്രീധരന്‍ (സ്റ്റേറ്റ് ഓര്‍ഗനൈസര്‍), സി.സത്യവതി (ഖജാന്‍ജി), സുജാ സതീഷ് (വൈസ്​പ്രസിഡന്റ്), ദേവരാജ് പാറശ്ശാല (അസി.കോ-ഓര്‍ഡിനേറ്റര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

കെ പി എം എസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിന് ഭൂമി നല്‍കും

തിരുവനന്തപുരം: പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിന് കോളജുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി കേരള പുലയര്‍ മഹാസഭ (കെ പി എം എസ്)ക്ക് സര്‍ക്കാര്‍ അനുവദിച്ച ആര്‍ട്‌സ് ആന്റ് സയന്‍സ് എയ്ഡഡ് കോളജിന് ആറ് ഏക്കര്‍ ഭൂമി വിട്ടുനല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പത്തനാപുരം പിറവന്തൂരില്‍ കിന്‍ഫ്രയുടെ കൈവശമുള്ള 51 ഏക്കര്‍ ഭൂമിയില്‍ നിന്നാണ് സ്ഥലം അനുവദിക്കുകയെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കരുത്തറിയിച്ച് കെ.പി.എം.എസ്. പ്രകടനം; താലൂക്ക് യൂണിയന്‍ സമ്മേളനം സമാപിച്ചു.

പുത്തൂര്‍:കെ.പി.എം.എസ്. കൊട്ടാരക്കര താലൂക്ക് യൂണിയന്‍ സമ്മേളനം പുത്തൂരില്‍ സമാപിച്ചു. പുത്തൂര്‍ വ്യാപാരഭവനില്‍ നടന്ന പ്രതിനിധിസമ്മേളനം ജനറല്‍ സെക്രട്ടറി ബൈജു കലാശാല ഉദ്ഘാടനം ചെയ്തു.
മതേതരത്വം ഏറ്റവും അധികം വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ സാമൂഹിക സംഘടനകള്‍ സംസ്‌കാരത്തിന്റെ കാവലാളുകളാകാന്‍ മുന്നോട്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു. ചെമ്പന്‍പൊയ്ക അശോകന്‍ അധ്യക്ഷനായി. ജി.എന്‍.മനോജ് റിപ്പോര്‍ട്ടും ഡി.തങ്കപ്പന്‍ വരവുചെലവ് കണക്കുകളും വി.ശ്രീധരന്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം പഞ്ചമി സംസ്ഥാന ഓര്‍ഗനൈസര്‍ വി.ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. സംസ്ഥാനസമിതി അംഗം വയയ്ക്കല്‍ മധു, കെ.എസ്.വേണുഗോപാല്‍, അഡ്വ. തോമസ് വര്‍ഗീസ്, യൂണിയന്‍ കെ.സത്യാനന്ദന്‍, കെ.സോമശേഖരന്‍, അരുണ്‍ കൈതക്കോട്, ബി.ആര്‍.ശശി, എം.ഹരി എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി പുത്തൂര്‍ ആലയ്ക്കല്‍മുക്കില്‍നിന്ന് ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. പുതിയ ഭാരവാഹികളായി ജി.എന്‍.മനോജ് (പ്രസി.), എസ്.രാകേഷ് (സെക്ര.), ചെമ്പന്‍പൊയ്ക അശോകന്‍ (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.