17 March, 2015

പള്ളിവാള്‍ മിന്നിച്ച്, അരമണി കിലുക്കി, കാല്‍ചിലമ്പ് താളത്തില്‍ കാലുയര്‍ത്തി ചവിട്ടി

പള്ളിവാള്‍ മിന്നിച്ച്, അരമണി കിലുക്കി, കാല്‍ചിലമ്പ് താളത്തില്‍ കാലുയര്‍ത്തി ചവിട്ടി, ചുവന്ന കണ്ണിനാല്‍ ദേവിയെ രൂക്ഷമായൊന്ന് നോക്കി തന്‍റ സമൃദ്ധമായ മുടിയിഴകള്‍ ഒറ്റ കുലുക്കിന് പുറകോട്ടെറിഞ്ഞ് വെളിച്ചപ്പാടൊന്നുറഞ്ഞ് തുള്ളി.

മുതിര്‍ന്ന സ്ത്രീകള്‍ മുടിയഴിച്ചിട്ടാടി. താലമെടുത്ത പട്ടു പാവാടക്കാരികള്‍ നിന്ന് വിറച്ചു.
കരിങ്കുട്ടിയാവേശിച്ച ബാല്യക്കാരന്‍ 'മുടുങ്കോല്‍ വടി' കൊണ്ട് പുറത്തടിച്ചു.

താളത്തിലുയര്‍ന്ന ചെണ്ട പ്പെരുക്കത്തില്‍ അവകാശികള്‍ അരയില്‍ ചുവന്ന പട്ടു കെട്ടിയാടി.

അരയാലും, പുന്നിലഞ്ഞിയും, കള്ളി ചെമ്പകവും വിറകൊണ്ടു.
കുരുത്തോല തലപ്പുകളില്‍ കെട്ടിയ ചെമ്പരത്തിപൂക്കള്‍ വാള്‍ തലപ്പിനാലറ്റു വീണു.
നൂറും, മഞ്ഞളും കൂട്ടി തൊട്ടത് നെറ്റിത്തട വിയര്‍പ്പിനാലൊഴുകി പരന്നു.

ദ്രുത താളത്തിലുയര്‍ന്ന് താഴ്ന്ന വലംതലയിലെ പെരുമഴ പെയ്ത് തോര്‍ന്നു.

വലിയൊരു 'ഹുങ്കാര'ത്തോടെ ദേവീ പുരുഷന്‍ നെറുകയില്‍ വാള്‍ കൊണ്ട് വെട്ടി.
ചാലിട്ടൊഴുകിയ രക്തം കണ്ടതും
അരുളപ്പാടിനായി കാതോര്‍ത്തു. താന്താങ്ങളുടെ സങ്കടങ്ങളെല്ലാം നിറമിഴിയോടെ ദേവീസ്വരൂപത്തില്‍ സമര്‍പ്പിച്ചു.

ഇടംകയ്യില്‍ പള്ളിവാളുയര്‍ത്തി വലം കയ്യിനാല്‍ അരിയും, പൂവും കൂട്ടിയെറിഞ്ഞനുഗ്രഹിച്ച കോമരം ദേവീ നടയില്‍ വലിഞ്ഞമര്‍ന്നു.

നിറകൊണ്ട പാതിരക്കും ഗുരുതിക്കുഴിഞ്ഞ് വെച്ച കോഴികള്‍ ഉശിരു കാട്ടി.

പൂര്‍വ്വ പിതാക്കന്‍മാരായ മുത്തപ്പന്‍മാര്‍ക്ക് തുടി കൊട്ടി തോറ്റം. ഒറ്റ ചിലമ്പും, കൈമണിയും കൂടി പാടി.

കുത്തുവിളക്കിലെ വാഴപ്പോള നടുവെരിഞ്ഞുണങ്ങി.

കുംഭം പിറന്നപ്പോള്‍ കാവുണര്‍ത്തിയവരെല്ലാം അശ്വതി കാവ് തീണ്ടാന്‍ ഒരുങ്ങി കഴിഞ്ഞു. മീനഭരണിയില്‍ കൊടുങ്ങല്ലൂരിലമര്‍ന്നാല്‍ കുടി കൂട്ടി പിരിയാം.

മേടത്തില്‍ പെയ്യുന്ന മഴയില്‍ കിളിര്‍ക്കാം പുതു നാമ്പുകള്‍.
കന്നിനെ തെളിക്കാനിനി പാടത്തേക്കിറങ്ങാം.ദേവിയേയും മാലോകരേയും ഊട്ടുവാനുണ്ട്.

അതിനാണീ പൂട്ടല്‍...
അതിനാണീ കന്ന് പൂട്ടല്‍..... എല്ലാരുമുണ്ണട്ടെ.....
പാല്‍പായസം കൂട്ടിയുണ്ണട്ടെ! പടച്ചോറുണ്ണട്ടെ.
അരവണയും, തൃമധുരവും, കടും പായസവും കൂട്ടി മൂക്ക് മുട്ടെയുണ്ണട്ടെ.
ആയിരം തിരി നീട്ടി നെയ്ത്തിരി വെളിച്ചത്തിലുണ്ണട്ടെ!!

അപ്പോഴുമെന്‍റ മുത്തപ്പന് കള്ളും, തവിടും ചിരട്ടയില്‍ കിട്ടും. എണ്ണയൊഴിക്കാതെ കത്തുന്നൊരൊറ്റ തിരി മതിയെനിക്ക്. ഇരട്ട ചൂട്ടും ഒറ്റ പന്തവും ധാരാളം.
വാല്‍ കിണ്ടിയിലൊഴിച്ച നറുംപാല് വേണ്ട.
പാലും പൊടിയും, നൂറും പാലും വേണ്ട.

അതിനിടക്കെപ്പഴോയെന്‍റയമ്മ പുള്ളി കുത്തിയ പുത്തന്‍ കലത്തില്‍ കലം കരിച്ചു.

ഇനിയെനിക്കുള്ളത് പൊട്ടിയ ബലൂണ്‍ കഷ്ണങ്ങളും, ഏതാനും ചില വളപ്പൊട്ടുകളും മാത്രം.

ഇനിയൊന്നുറങ്ങണം. ഓലയില്‍ കിടന്നുറങ്ങണം. നാടന്‍ കോഴി തേങ്ങ പൂളിട്ട് വെന്ത് മണം വരുന്നത് വരെ മാത്രം.

Aneesh Parappanangadi

No comments:

Post a Comment