01 June, 2015

ദളിത് സമുദായത്തില്‍നിന്ന് എഴുത്തുകാര്‍ ഉണ്ടാകണം- കെ.പി.എം.എസ്.

പന്മന:ദളിത് സമുദായത്തില്‍നിന്ന് എഴുത്തുകാര്‍ ഉണ്ടായെങ്കില്‍ മാത്രമേ പട്ടികജാതി സമൂഹം മുന്‍ നിരയില്‍ വരികയുള്ളൂവെന്ന് കെ.പി.എം.എസ്. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ടി.എസ്.റെജികുമാര്‍ പറഞ്ഞു. കെ.പി. എം.എസ്. കുറ്റിവട്ടം 2432-ാം നമ്പര്‍ ടൗണ്‍ ശാഖയുടെ നേതൃത്വത്തില്‍ നടത്തിയ പഠനോപകരണ വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സോമരാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി. അവാര്‍ഡ് വിതരണം സംസ്ഥാന കമ്മിറ്റിയംഗം അംബുജാക്ഷന്‍, ഇംഗ്ലീഷ് ഭാഷാപഠനത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാ പ്രസിഡന്റ് കെ.സുരേന്ദ്രന്‍ എന്നിവര്‍ നിര്‍വഹിച്ചു. ശാഖയിലെ മുതിര്‍ന്ന അംഗം കുഞ്ഞിപ്പെണ്ണിനെ ജില്ലാ സെക്രട്ടറി സത്യാനന്ദന്‍ പൊന്നാട അണിയിച്ച് ആദരിച്ചു. ലോഗോ പ്രകാശനം കെ.പി. വൈ.എം. ജില്ലാ സെക്രട്ടറി സുഭാഷ് എസ്.കല്ലട നിര്‍വഹിച്ചു. പഞ്ചമി, ലൈജു, കടവില്‍ സുധാകരന്‍, കൊണ്ടോടിയില്‍ മണികണ്ഠന്‍, എ.ജി.സരിത, കെ.സി.അനില്‍കുമാര്‍, സരോജം, എസ്.സുഭാഷ്, സൂരജ് ലാല്‍, റാണി അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. എ.വി.കുഞ്ഞുമോന്‍ സ്വാഗതവും സതീ വിജയന്‍ നന്ദിയും പറഞ്ഞു.

അശോകന്റെ ദുരൂഹമരണം: കെ.പി.എം.എസ്. രണ്ടാഘട്ട പ്രക്ഷോഭത്തിന്

അരൂര്‍:എരമല്ലൂര്‍ മഠത്തിച്ചിറയില്‍ അശോകന്റെ ദുരൂഹമരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.പി.എം.എസ്സിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം ശക്തമായി. മാസങ്ങള്‍ക്കുമുമ്പ് ഭൂമാഫിയയുടെ പീഡനത്തെത്തുടര്‍ന്നാണ് തൃശ്ശൂര്‍ മെഡിക്കല്‍കോളേജ് ആസ്പത്രിയില്‍ ദുരൂഹസാഹചര്യത്തില്‍ അശോകന്‍ മരിച്ചത്. തുടര്‍ന്ന് അധികൃതര്‍ക്ക് നിരവധി പരാതി നല്‍കിയെങ്കിലും അന്വേഷണം നടത്താന്‍ പൊലീസ് തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് രണ്ടാം ഘട്ട പ്രക്ഷോഭത്തിന് കെ.പി.എം.എസ്സ്. രംഗത്തിറങ്ങിയത്.
രക്ഷാധികാരി പുന്നല ശ്രീകുമാര്‍ എരമല്ലൂരില്‍ സമരം ഉദ്ഘാടനം ചെയ്തു.
അശോകന്റെ ദുരൂഹമരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ക്കൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു.
മരണത്തിന് പിന്നിലെ മുഴുവന്‍ ദുരൂഹതകളും പുറത്തുകൊണ്ടുവരാതെ കെ.പി.എം.എസ്. പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് നേതാക്കള്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എ.പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന.സെക്രട്ടറി ബൈജു കലാശാല, ടി.എ.വേണു, സി. വിദ്യാധരന്‍, സി.ടി. ബാബു, ബിനീഷ് എന്നിവര്‍ പ്രസംഗിച്ചു.

വിദ്യാര്‍ത്ഥി സ്‌റ്റൈപ്പന്റ് വിതരണം ചെയ്യണം -കെ.പി.വൈ.എം.

കോതമംഗലം:പട്ടികജാതി-വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് മുടങ്ങിക്കിടക്കുന്ന സ്‌റ്റൈപ്പന്റ് വിതരണം ചെയ്യണമെന്ന് കേരള പുലയര്‍ യൂത്ത് മൂവ്‌മെന്റ് കോതമംഗലം താലൂക്ക് യൂണിയന്‍ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. ധര്‍മജന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് അഖില്‍ ശിവന്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ഷാജി കണ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.
കെ.പി.എം.എസ്. ജില്ലാ പ്രസിഡന്റ് രമേഷ് പുന്നേക്കാടന്‍ യുവജന സന്ദേശം നല്‍കി. പി.എസ്. സനില്‍, വി.എസ്. സുരേഷ്, പി.ടി. സജി, മനീഷ് വിജയന്‍, അനീഷ് വാവേലി എന്നിവര്‍ സംസാരിച്ചു.
പുതിയ കണ്‍വീനര്‍ കമ്മിറ്റി അംഗങ്ങളായി എ.ടി. ലൈജു, പി.എസ്. സനില്‍, അഖില്‍ ശിവന്‍ എന്നിവരെ തിരഞ്ഞെടുത്തു. വിഷ്ണു വിജയന്‍ നന്ദി പറഞ്ഞു.

29 May, 2015

ദളിത് ബന്ധു എൻ.കെ ജോസിനെ കെ.പി.എം.എസ് ആദരിക്കുന്നു

     നൂറ്റി നാല്പതിൽ പരം ചരിത്ര, സാമൂഹ്യചരിത്ര ഗ്രന്ഥങ്ങളുടെ രചയിതാവും, കേരള ദളിത്, കേരള ക്രൈസ്തവ ചരിത്ര പണ്ഡിതനും , കേരള ഹിസ്റ്ററി കോൺഗ്രസ്സിന്റെ പ്രസിഡന്റുമാണ് എൻ.കെ.ജോസ് (ജനനം ഫെബ്രുവരി 2 1929). ദളിത് പഠനങ്ങൾക്കും, ദളിത്ചരിത്ര രചനകൾക്കും നൽകിയ സംഭാവനകൾ മാനിച്ച് 1990ൽ ദളിത് സംഘടനകൾ അദ്ദേഹത്തിനു ദളിത്ബന്ധു എന്ന ആദരനാമം നൽകി. പിൽക്കാലത്ത് അത് തന്റെ തൂലിക നാമമാക്കുകയായിരുന്നു എൻ.കെ ജോസ്.
    
     വൈക്കം താലൂക്കിലെ വെച്ചൂരിൽ നമശിവായം എന്ന കുടുംബപേരുള്ള കത്തോലിക്കാകുടുംബത്തിൽ1929ൽ കുര്യൻ, മറിയാമ്മ ദമ്പതികളുടെ മകനായി ജനിച്ചു. സ്കൂൾ വിദ്യാഭ്യാസം ചേർത്തല , ചങ്ങനാശ്ശേരി എന്നിവിടങ്ങളിലായിരുന്നു. ബാല്യത്തിൽ നടന്ന പുന്നപ്ര വയലാർ പ്രക്ഷോഭത്തെക്കുറിച്ച് ജോസ് തന്റെ ഓർമ്മക്കുറിപ്പുകളിൽ എഴുതിയിട്ടുണ്ട്. തേവര സേക്രഡ് ഹാർട്ട്സ്, സെന്റ് ആൽബർട്സ് എറണാകുളം എന്നിവിടങ്ങളിലായിരുന്നു കോളേജ് വിദ്യാഭ്യാസം.

     പഠനകാലത്ത് ജോസിന്, കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് ആശയങ്ങളിൽ താല്പര്യം തോന്നിയിരുന്നു. വൈക്കം മുഹമ്മദ് ബഷീറുമായുള്ള സമ്പർക്കം തന്നിൽ കാര്യമായ സ്വാധീനം ചെലുത്തിയതായി ജോസ് കരുതുന്നു. 23-ആം വയസ്സിൽ മുതലാളിത്തം ഭാരതത്തിൽ എന്ന ആദ്യ ഗ്രന്ഥം രചിച്ചു. കോളേജ് വിദ്യാഭ്യാസത്തിനു ശേഷം വാർദ്ധയിലെ ഗാന്ധി ആശ്രമത്തിൽ ഗാന്ധിയൻ ചിന്തയിലും സോഷ്യലിസ്റ്റ് പഠനത്തിലും ഏർപ്പെടാനായി തിരഞ്ഞെടുക്കപ്പെട്ടു. പിൽക്കാലത്ത് ജോസ് ഗാന്ധിയെ അതിനിശതമായി വിമർശിച്ച് എഴുതിയിട്ടുണ്ട്. റാം മനോഹർ ലോഹ്യ, വിനോബ ബാവേ, ജയപ്രകാശ് നാരായൺ എന്നീ സോഷ്യലിസ്റ്റ് ആചാര്യന്മാരായിരുന്നു ജോസിന്റെ രാഷ്ട്രീയ ഗുരുക്കന്മാർ. കോൺഗ്രസ്സിലെ സോഷ്യലിസ്റ്റ് പക്ഷത്തു നിന്നും ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയിലേക്കും പിന്നീട് പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലേക്കും അദ്ദേഹം മാറി. പി.എസ്.പി.യുടെ സംസ്ഥാന ഭാരവാഹിയായിരുന്ന കാലത്ത് തിരുവിതാംകൂറിലെ ഭരണ മുന്നണിയായിലായിരുന്നു ആ പാർട്ടി. മാർത്താണ്ഡത്ത് നടന്ന പോലീസ് വെടിവെയ്പ്പ് അഖിലേന്ത്യാ തലത്തിൽ പാർട്ടി പിളരാനും ജോസ് സജീവ രാഷ്ടീയം ഉപേക്ഷിക്കാനും നിമിത്തമായി..
     രാഷ്ട്രീയം ഉപേക്ഷിച്ച് ശേഷം മാത്രം വിവാഹത്തെക്കുറിച്ച് ചിന്തിച്ച ജോസ്, 1955-ൽ തങ്കമ്മയെ വിവാഹം കഴിച്ചു. മകളും കുടുംബവും വിദേശത്ത് വസിക്കുന്നു. 1960കളിൽ കേരള കത്തോലിക്ക കോൺഗ്രസ്സിൽ സംസ്ഥാന തലത്തിലെ പദവികൾ പലതും വഹിച്ചിട്ടുണ്ട്. ആ സമയത്താണ് അദ്ദേഹം അംബേദ്ക്കറുടെ ജീവചരിത്രം വായിച്ചത്. താൻ അന്വേഷിക്കുന്നത് അംബേദ്ക്കറിസമാണ് എന്ന തിരിച്ചറിവ് വൈകാതെ തന്നെ അദ്ദേഹത്തിനുണ്ടായി. 1983-ൽ കത്തോലിക്കാ പ്രവർത്തനങ്ങളിൽ നിന്നു വിടവാങ്ങിയ അദ്ദേഹം, മുഴുവൻ സമയ ദളിത് ചരിത്ര ഗവേഷകനായി മാറി. പരമ്പരാഗത ചരിത്രവും, തലമുറകളായി പുലർത്തിപോരുന്ന ധാരണകളും പൊളിച്ചെഴുതുന്നവയായിരുന്നു ജോസിന്റെ കൃതികൾ എല്ലാം തന്നെ. പ്രധാനമായും രണ്ട് പരമ്പരകളായാണ് അദ്ദേഹം തന്റെ കൃതികളെ തിരിച്ചിട്ടുള്ളത്. നസ്രാണീ സീരീസ്, ദളിത് സിരീസ് എന്ന് ജോസ് അവയെ വിളിക്കുന്നു. അദ്ദേഹത്തിന്റെ വീക്ഷണങ്ങളിൽ ചിലത് ഇവയാണ്:-
കേരളക്രൈസ്തവർ ബ്രാഹ്മണരിൽ നിന്നും മതപരിവർത്തനം ചെയ്തവരാണ് എന്ന വിശ്വാസം സഭാനേതാക്കന്മാരുടെ സങ്കൽപ്പ സൃഷ്ടിയാണ് എന്ന് ജോസ് ആദ്യം തന്നെ തുറന്നു പറഞ്ഞിരുന്നു. കേരളത്തിൽ ക്രൈസ്തവതക്കുള്ളതിന്റെ പകുതി പ്രായമേ ബ്രാഹണ്യത്തിനുള്ളു എന്ന കണ്ടെത്തലും പഴയ കൊച്ചിരാജ്യത്തെ പുരാവസ്തു ഗവേഷണവുമെല്ലാം ജോസിന്റ അഭിപ്രായത്തെ സ്ഥിരീകരിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ, ബ്രാഹമണരിൽ നിന്നല്ല മറിച്ച് പുരാതന കേരളത്തിലെ ജൂതന്മാരിൽ നിന്നാണ് നസ്രാണികളുടെ ഉൽഭവം എന്ന പുത്തൻ ആശയത്തിനു രൂപംകൊടുക്കേണ്ടി വന്നു സഭാ നേതാക്കന്മാർക്ക്. ഈ വാദവും ജോസ് തന്റെ ലേഖനങ്ങളിൽ ഖണ്ഡിച്ചിട്ടുണ്ട്.
കേരളത്തിലെ ആദിമ ക്രൈസ്തവർ ഇന്നാട്ടിലെ ആദിവാസികൾ തന്നെയായിരുന്നു എന്നും ജാതിവ്യവസ്ഥിതി നിലവിലില്ലാത്ത കാലത്തായിരുന്നു പരിവർത്തനങ്ങൾ നടന്നിരുന്നതെന്നു ജോസ് വാദിക്കുന്നു. അതിനു ശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞാണ് കേരളത്തിലെ ആര്യപ്രവേശം എന്നും അപ്പോൾ മാത്രമാണ് ജാതി വിഷയം ഉൽഭവിച്ചതെന്നും ജോസ് ആദികാലം മുതൽക്കേ കരുതിവരുന്നു.പിൽക്കാലത്ത് ജാതിവ്യവസ്ഥിതിയിൽ നിന്നും മോചനം ലഭിക്കാൻ ദളിത്/ അവശ വിഭാഗങ്ങൾ സംഘടിതമായി ക്രൈസ്തവത സ്വീകരിക്കകയുണ്ടായി എന്നും ജോസ് സ്ഥിരീകരിക്കാറുണ്ട്. ചരിത്രം എല്ലാക്കാലത്തും അധികാര വർഗ്ഗത്തിന്റെ മാത്രം രചനയായിരുന്നു.അധികാരവർഗ്ഗങ്ങൾ മാറി മാറി വരികയും പോവുകയും ചെയ്യുന്നതാകയാൽ ചരിത്രവും മാറി കൊണ്ടിരിക്കുകയായിരുന്നു എന്നത് വ്യക്തമാണല്ലോ. ഭാരതത്തിന്റെ ചരിത്രമെന്നാൽ ഇപ്പോൾ ആര്യ/ബ്രാഹ്മണ വീക്ഷണവും, പാശ്ചാത്യ /യൂറൊപ്യൻ ധാരണകളും മാത്രമായി മാറ്റപ്പെട്ടിരിക്കുന്നു എന്നതാണ് ജോസിന്റെ എക്കാലത്തേയും വിലാപം. ഇവിടുത്തെ ബൗദ്ധ/ ജൈന/ ദളിത് പാരമ്പര്യവും സംസ്ക്കാരവും ചരിത്രവും ആസൂത്രിതമായി തമസ്ക്കരിക്കപ്പെടുകയായിരുന്നു എന്ന് ആവർത്തിച്ച് ചൂണ്ടിക്കാണിക്കുകയാണ് നാലു ദശാബദങ്ങളായി ജോസ് ചെയ്യുന്നത്.ആധുനിക കേരള ചരിത്രം പഞ്ചലഹളകളുടെ ചരിത്രവും അവയുടെ തുടർച്ചയുമാണ് എന്നു ജോസ് സിതാന്തിക്കുന്നു.
പുലയലഹള,
ചാന്നാർ ലഹള,
മാപ്പിള ലഹള,
വയലാർ ലഹള,
വൈക്കം സത്യാഗ്രഹം എന്നിവയാണ് ജോസിന്റെ പഞ്ച ലഹളകൾ.
   
ദളിത് സിരീസിലെ ചില പുസ്തകങ്ങൾ
★ചാന്നാർ ലഹള
★പുലയലഹള
★ക്ഷേത്ര പ്രവേശന വിളംബരം
★വൈക്കം സത്യഗ്രഹം ഒരു പ്രഹേളിക
★ശിപായി ലഹള ഒരു ദളിത് മുന്നേറ്റം
★വേലുത്തമ്പി ദളവ
★ദിവാൻ മൺറൊ
★അംബേദക്കർ
★മഹാനായ അയ്യങ്കാളി
★വൈകുണഠ സ്വാമികൾ
★ജ്യോതി റാഒ ഫൂലെ
★കേരള പരശുരാമൻ പുലയ ശത്രു
★ക്രൈസ്തവ ദളിതർ
★അംബേദ്ക്കറും മനുസ്മൃതിയും
★ഗാന്ധി ഗാന്ധിസം ദളിതർ
★ഗാന്ധിവധം ഒരു പുനർവായന
★വാല്മീകി ഒരു ബൗദ്ധനോ?
★കറുത്ത അമേരിക്ക
★കറുത്ത കേരളം
  
    നസ്രാണി സിരീസ്- ചില കൃതികൾ
★ആദിമ കേരള ക്രൈസ്തവരുടെ       
    ആരാധന ഭാഷ
★അർന്നോസ് പാതിരി      
    ക്നായിത്തൊമ്മൻ ഒരു സത്യമോ ?
★കേരളത്തിലെ കത്തോലിക്ക   
    അൽമായർ
★ഭാരതത്തിലെ ക്രിസ്തു മതം
★കേരളത്തിലെ സുറിയാനി സഭയുടെ 
    ഉൽഭവം
★മാർ തോമാ റോക്കാസ്
★ജാതിക്കു കർത്തവ്യൻ ഗീവർഗ്ഗീസ്
★സീറോ മലബാർകുർബാനയുടെ ചരിത്രം
★കേരളത്തിലെ സുറീയാനി സഭയുടെ ഉൽഭവം
★കൽദായ പൈതൃകം
★കുടവച്ചൂർ പള്ളി
★ക്നാനായ?
★നസ്രാണി
★ആദിമ കേരള സഭ
★നിലയ്ക്കൽ

(courtesy:wikipedia)
    

കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ദലിത്ചരിത്രകാരനും എഴുത്തുകാരനുമായ എൻ.കെ.ജോസിനെ ആദരിക്കുന്നു.
2015 മെയ് 30 ന് രാവിലെ 10 ന് വൈക്കം അംബികാ മാർക്കറ്റിൽ നടക്കുന്ന ചടങ്ങിൽ കെ.പി.എം.എസ് രക്ഷാധികാരി പുന്നല ശ്രീകുമാർ എൻ.കെ.ജോസിനെ പൊന്നാട അണിയിക്കും.

വിദ്യാഭ്യാസ പുരോഗതിയിലൂടെയേ യഥാര്‍ഥ സാമൂഹിക പുരോഗതി നേടാന്‍ കഴിയൂ- കെ.പി.വൈ.എം.

ചേര്‍ത്തല:സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കംനില്‍ക്കുന്ന സമൂഹത്തെ വിദ്യാഭ്യാസത്തിലൂടെയേ മുഖ്യധാരയിലേക്ക് എത്തിക്കാന്‍ കഴിയുകയുള്ളൂവെന്ന് പുലയര്‍ യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സാബു കരിശ്ശേരി പറഞ്ഞു. കെ.പി.വൈ.എം. ചേര്‍ത്തല യൂണിയന്‍ നടത്തിയ വിദ്യാഭ്യാസ തരംഗം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.കെ. പ്രമോദ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ അവാര്‍ഡുകള്‍ കെ.പി.എം.എസ്. ജില്ലാ സെക്രട്ടറി സി.സി. ബാബുവും പഠനോപകരണ വിതരണം അസിസ്റ്റന്റ് സെക്രട്ടറി രമേശ് മണിയും വിതരണം ചെയ്തു. കെ.സി. ശശി, വിനോദ് പൂക്കൈത, സതീഷ് സരസന്‍, എന്‍.പി. അജേഷ്, ൈഷലേഷ്, സിന്ധു ഉദയന്‍, കമലാരാജു തുടങ്ങിയവര്‍ പങ്കെടുത്തു.

28 May, 2015

ഹൈക്കോടതി നിർദേശം നടപ്പാക്കണം:കെ.പി.എം.എസ്

കൊല്ലം:സ്വകാര്യ-എയ്ഡഡ് കോളേജുകളിലെ നിയമനങ്ങളിൽ എസ്.സി,എസ്.ടി സംവരണം പാലിക്കണമെന്ന ഹൈക്കോടതി നിർദേശം സമയബന്ധിതമായി നടപ്പാക്കണമെന്നും സംവരണ വിഭാഗത്തിനുണ്ടായ നഷ്ടം നികത്താൻ നിയമനങ്ങളിൽ സ്പെഷ്യൽ റിക്രൂട്ട്മെൻറ്റ് വേണമെന്നും കെ.പി.എം.എസ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു...

27 May, 2015

'ദേവസ്വം നിയമനം: സര്‍ക്കാര്‍ നീക്കം സംവരണം അട്ടിമറിക്കാന്‍-ബൈജു കലാശാല

ചാരുംമൂട്:ദേവസ്വം ബോര്‍ഡുകളിലെ ഉദ്യോഗസ്ഥ നിയമനങ്ങളില്‍ പട്ടികജാതി-വര്‍ഗ്ഗ, പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള 18 ശതമാനം സംവരണം മെറിറ്റിലേക്ക് മാറ്റാനുള്ള സര്‍ക്കാര്‍ നീക്കം സംവരണം അട്ടിമറിക്കാനാണെന്ന് കെ.പി.എം.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ബൈജു കലാശാല ആരോപിച്ചു. കെ.പി.എം.എസ്., ചാരുംമൂട് യൂണിയന്റെ വിദ്യാഭ്യാസ അവാര്‍ഡ് വിതരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയന്‍ പ്രസിഡന്റ് വി.ടി. പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഖജാന്‍ജി എല്‍. രമേശന്‍, വര്‍ക്കിങ് പ്രസിഡന്റ് പി. ജനാര്‍ദ്ദനന്‍, ജില്ലാ സെക്രട്ടറി സി.സി. ബാബു, കെ. ശശിധരന്‍, സുരേഷ് വെട്ടിക്കോട്, കെ.കെ. സിബിക്കുട്ടന്‍, ആര്‍. രമ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു.

23 May, 2015

നവോത്ഥാനത്തിൻറ്റെ ശക്തികുറയുന്നതാണ് സാമൂഹികജീർണതയ്ക്ക് കാരണം-പുന്നല ശ്രീകുമാർ

കരുനാഗപ്പള്ളി: നവോത്ഥാനത്തിൻറ്റെ ശക്തികുറയുന്നതാണ് സാമൂഹികജീർണതയ്ക്ക് കാരണമെന്ന് കെ.പി.എം.എസ് രക്ഷാധികാരി പുന്നല ശ്രീകുമാർ പറഞ്ഞു.കെ.പി.എം.എസ് കൊല്ലക 940-)o നമ്പർ ശ്രീദേവി വിലാസം ശാഖാ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
       ചട്ടമ്പിസ്വാമിയുടെയും കുമ്പളത്ത് ശങ്കുപ്പിള്ളയുടെയുടെയും അയ്യങ്കാളിയുടെയും പാദസ്പർശം ഏറ്റ പന്മനയുടെ മണ്ണിൽ നവോത്ഥാന ശക്തികൾ ഈ ജീർണതക്കെതിരെ കൈകോർക്കണമെന്നും സഭയുടെ സംഘബലം സമൂഹനന്മയ്ക്കായി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു...

19 May, 2015

സമൂഹത്തെ ലഹരി വിമുക്തമാക്കാന്‍ പ്രയത്‌നിച്ച മഹാനായിരുന്നു അയ്യങ്കാളി-എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി.

വടക്കുംതല:സമൂഹത്തെ ലഹരി വിമുക്തമാക്കാന്‍ പ്രയത്‌നിച്ച മഹാനായിരുന്നു അയ്യങ്കാളി എന്നും സാധുജന പരിപാലന സംഘത്തിന്റെ നിയമാവലിയില്‍ പട്ടിക വിഭാഗക്കാരെയും അവരുടെ സങ്കേതങ്ങളെയും ലഹരി വിമുക്തമാക്കാനായി മൂന്ന് കല്പനകള്‍ ഉള്‍പ്പെടുത്തി കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്തത് ഇതിനുദാഹരണമാണെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. പറഞ്ഞു. കെ.പി.എം.എസ്. കുറ്റിവട്ടം 2432-ാം ശാഖയുടെ നേതൃത്വത്തില്‍ 1928-ല്‍ അയ്യങ്കാളി വടക്കുംതല സന്ദര്‍ശിച്ചതിന്റെ 86-ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചുള്ള സ്മൃതിസംഗമം പരിപാടിയുടെ ഭാഗമായി നടത്തിയ ലഹരി വിമുക്ത സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കന്നേറ്റിക്കായലില്‍ നടക്കുന്ന ഇത്തവണത്തെ അയ്യങ്കാളി ട്രോഫി വള്ളംകളിക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്നും എം.പി. അഭിപ്രായപ്പെട്ടു. തുടര്‍ന്ന് അയ്യങ്കാളി ട്രോഫി വള്ളംകളിയുടെ പ്രഥമ ജനറല്‍ ക്യാപ്റ്റന്‍ വാത്സല്യം മോഹനന്‍, കോ-ഓര്‍ഡിനേറ്റര്‍ കൊണ്ടോടിയില്‍ മണികണ്ഠന്‍, ഗായകരായ സോമരാജന്‍, ശശി, ശ്യാം ശരത്, സൗപര്‍ണിക ശശി എന്നിവരെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.രമേശന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക ഫൗണ്ടേഷന്‍ ഡയറക്ടര്‍ പ്രൊഫ. ശശിധരക്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. കെ.സി.ബി.സി. മദ്യവിരുദ്ധസമിതി സംസ്ഥാന സെക്രട്ടറി യോഹന്നാന്‍ ആന്റണി, യൂണിയന്‍ സെക്രട്ടറി സതീശന്‍ പാലയ്ക്കല്‍, രവീന്ദ്രന്‍ പിള്ള പുത്തന്‍തോപ്പില്‍, കുമ്പളത്ത് രാജേന്ദ്രന്‍, കുറ്റിവട്ടം അബ്ദുള്‍ ജലീല്‍, കുറ്റിവട്ടം മുസ്ലിം ജമാ അത്ത് ഇമാം മുഹമ്മദ് നിയാസ് മൗലവി, കെ.സി.അനില്‍കുമാര്‍, എസ്.സുഭാഷ് എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ എ.വി.കുഞ്ഞുമോന്‍ സ്വാഗതവും ജോ. കണ്‍വീനര്‍ സതി നന്ദിയും പറഞ്ഞു.

courtesy:Mathrubhumi daily.

26 April, 2015

രാഷ്ട്രീയവിവാദങ്ങളുയർത്തി ജനകീയവിഷയങ്ങളെ അട്ടിമറിക്കുന്നു-പുന്നല ശ്രീകുമാർ

രാഷ്ട്രീയവിവാദങ്ങളുയർത്തി ജനകീയവിഷയങ്ങളെ അട്ടിമറിക്കുന്നു-പുന്നല ശ്രീകുമാർ


Courtesy:Malayala Manorama & Mathrubhumi

23 April, 2015

ചാത്തന്‍ മാസ്റ്ററുടെ ചരമവാര്‍ഷികം ആചരിച്ചു

ഇരിങ്ങാലക്കുട:മുന്‍ മന്ത്രിയും സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്ന പി.കെ. ചാത്തന്‍ മാസ്റ്ററുടെ ചരമവാര്‍ഷിക ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കെ.പി.എം.എസ്. സംസ്ഥാനതല ആചരണ പരിപാടികള്‍ ചിഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരുവിനും അയ്യങ്കാളിക്കും ശേഷം നവോത്ഥാനത്തിന്റെ പിന്‍തുടര്‍ച്ച സൃഷ്ടിച്ച വ്യക്തിയാണ് ചാത്തന്‍മാസ്റ്ററെന്ന് ഉണ്ണിയാടന്‍ പറഞ്ഞു. കെ.പി.എം.എസ്. സംസ്ഥാന പ്രസിഡന്റ് പി.കെ. രാജന്‍ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു കുന്നിശ്ശേരി, നഗരസഭാ ചെയര്‍പേഴ്‌സന്‍ മേരിക്കുട്ടി ജോയ്, സി.പി.ഐ. ജില്ലാ എക്‌സി. അംഗം ടി.കെ. സുധീഷ്, പി. സജീവ് കുമാര്‍, ടി.എ. വേണു, സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കടപ്പാട്:മാതൃഭൂമി.

15 April, 2015

സ്വകാര്യമേഖലയിലും സംവരണം വേണമെന്ന് കെ.പി.എം.എസ്.

ആലപ്പുഴ:സ്വകാര്യമേഖലയില്‍ സംവരണം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്ന് കെ.പി.എം.എസ്.44-ാം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ ആസ്തികള്‍ ഉപയോഗപ്പെടുത്തി ഏത് മേഖലയില്‍ സംരംഭങ്ങള്‍ തുടങ്ങിയാലും അര്‍ഹമായ സംവരണം വ്യവസ്ഥചെയ്യണം. സര്‍ക്കാര്‍ ഓഹരികള്‍ സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്ന കേന്ദ്രസര്‍ക്കാറിന്റെ നയത്തിനെതിരെയും സമ്മേളനത്തില്‍ രൂക്ഷവിര്‍ശമാണ് ഉയര്‍ന്നത്.
പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നതിലൂടെ സംവരണം ഇല്ലാതാകും. ഇതിന് കേന്ദ്രസര്‍ക്കാര്‍ പരിഹാരം കാണണം. സ്വകാര്യമേഖലയില്‍ സംവരണം നടപ്പാക്കുന്നതിലൂടെമാത്രമേ നിലവിലുള്ള സംവരണം തുടര്‍ന്നും ലഭ്യമാകുകയുള്ളൂവെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു.
സംവരണം അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോല്പിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് കെ.പി.എം.എസ്. സംസ്ഥാന സമ്മേളനത്തിന് ചൊവ്വാഴ്ച ആലപ്പുഴയില്‍ കൊടിയിറങ്ങിയത്.
പുതിയ ഭാരവാഹികളെയും സമ്മേളനം തിരഞ്ഞെടുത്തു. രക്ഷാധികാരി- പുന്നല ശ്രീകുമാര്‍ (കൊല്ലം), പ്രസിഡന്റ് പി.കെ. രാജന്‍ (പത്തനംതിട്ട), ജനറല്‍ സെക്രട്ടറി- ബൈജു കലാശാല (ആലപ്പുഴ), ഖജാന്‍ജി- എല്‍.രമേശന്‍ (തിരുവനന്തപുരം), വര്‍ക്കിങ് പ്രസിഡന്റ്- പി. ജനാര്‍ദനന്‍ (ആലപ്പുഴ), സംഘടനാ സെക്രട്ടറി-പി. സജീവ് കുമാര്‍ (കോട്ടയം), വൈസ് പ്രസിഡന്റ്- ബാബു കുന്നശ്ശേരി (തൃശ്ശൂര്‍), സി. ബാബു (കോഴിക്കോട്), അസിസ്റ്റന്റ് സെക്രട്ടറി - ടി.എ. വേണു (എറണാകുളം), ടി.എസ്. രജികുമാര്‍ (കൊല്ലം) എന്നിവരാണ് ഭാരവാഹികള്‍. എട്ടംഗ സെക്രട്ടേറിയറ്റിനെയും 51 അംഗ സംസ്ഥാന കമ്മിറ്റിയെയുമാണ് തിരഞ്ഞെടുത്തത്. അഡ്വ. എസ്. അജയഘോഷ് ആയിരുന്നു റിട്ടേണിങ് ഓഫീസര്‍.

Courtesy:Mathrubhumi Daily.

ദൈവദശകം ആനന്ദസാഗരത്തിലേക്കുള്ള പരിണാമസന്ദേശം:എം.കെ. സാനു

ആലപ്പുഴ: യുദ്ധസാഗരത്തിൽ നിന്ന് ആനന്ദസാഗരത്തിലേക്കുള്ള പരിണാമ പ്രക്രിയയാണ് ദൈവദശകം കൃതിയിലൂടെ ശ്രീനാരായണ ഗുരുദേവൻ മാനവരാശിക്കു പകർന്നു നൽകിയതെന്ന് പ്രൊഫ. എം.കെ. സാനു പറഞ്ഞു. കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ദൈവദശകം, ജാതിക്കുമ്മി എന്നീ കൃതികളുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സ്മൃതിവർഷം പരിപാ‌ടി നഗരചത്വരത്തിലെ ശ്രീനാരായണഗുരു നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എക വചനം ഉപേഷിച്ചു കൊണ്ട് ബഹുവചനത്തിലൂടെ മാനവരാശിയെ ഉദ്ഘോഷിച്ചാണ് ഗുരുസ്വാമി ദൈവദശകം സമർപ്പിച്ചിരുക്കന്നത്. അർഹിക്കുന്നവരോടു ദയ തോന്നിക്കണം. കാറൽമാക്സിന്റെ വിപ്ളകരമായ പ്രത്യയശാസ്ത്രം വിജയിച്ചത് അദ്ദേഹത്തിന്റെ മനസിലെ കാരുണ്യംകൊണ്ടായിരുന്നു. പൗരാണിക സംസ്കാരത്തിന്റെ ഭക്തിപ്രഭാവമാണ് നവോത്ഥാനത്തിന് ശക്തിപകർന്നത്. ടാഗോറിന്റെയും ആശാൻ-ഉള്ളൂർ-വള്ളത്തോൾ എന്നിവരുടെയും കവിതകളിലും പൗരാണിക ചിന്തകൾക്ക് ‌ആദരവ് നൽകിയിട്ടുണ്ട്. ആശയപരമായ ചിന്തയും സംവാദങ്ങളും പഠനവുമാണ് സമൂഹത്തിന് ആവശ്യം. കെ.പി.എം.എസിന് കൂടുതൽ ശക്തി ഉണ്ടാകുവാൻ എഴുത്തുകാരും പ്രഭാഷകരും കൂടുതൽ പേർ ഉണ്ടാവണം. സംഘടനയ്ക്ക് ‌ ശക്തിപകരാൻ ഉദ്യോഗസ്ഥരെക്കാളും ഭരണകർത്താക്കളെക്കാളും നല്ലത് എഴുത്തുകാരാണ് എന്നും സാനുമാസ്റ്റർ പറഞ്ഞു.
ലളിതമാണെന്ന് തോന്നുന്നതാണ് ശ്രീനാരായണ ഗുരുവിന്റെ ദൈവദശകം എന്നും അത് വ്യഖ്യാനിക്കുക അത്ര ലളിതമല്ലെന്നും മുഖ്യപ്രാഷണം നടത്തിയ പി.എസ്.സി ചെയർമാൻ ഡോ.കെ.എസ്.രാധാകൃഷ്ണൻ പറഞ്ഞു.
കെ.പി.എം.എസ് രക്ഷാധികാരി പുന്നല ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.സി. വിഷ്ണുനാഥ് എം.എൽ.എ, രാജൂ എബ്രാഹാം എം.എൽ.എ, പി.തിലോത്തമൻ എം.എൽ.എ, അഡ്വ.സി.കെ വിദ്യാസാഗർ, വി.ശ്രീധരൻ, പി.ജനാർദ്ദനൻ എന്നിവർ സംസാരിച്ചു. ഇന്ന് നടക്കുന്ന ഡോ.അംബേദ്കർ ജയന്തി സമ്മേളനത്തോടെ നാലുദിവസമായി നടന്നു വന്ന സംസ്ഥാന സമ്മേളനം സമാപിക്കും.

Courtesy:Mathrubhumi Daily

കാസർകോട്,പാലക്കാട് ജില്ലകളിൽ ഇപ്പോഴും അയിത്തം: ഡോ.കെ.എസ് രാധാകൃഷ്ണൻ.

എഴുത്തുകാരുണ്ടാകുമ്പോഴാണ് സമുദായം വളരുന്നത്- എം.കെ. സാനു

ആലപ്പുഴ:ഉദ്യോഗസ്ഥരും സമ്പന്നരും ഉണ്ടാകുമ്പോഴല്ല, എഴുത്തുകാര്‍ ഉണ്ടാകുമ്പോഴാണ് സമുദായം വളര്‍ന്നതായി കണക്കാക്കേണ്ടതെന്ന് പ്രൊഫ. എം.കെ. സാനു. കെ.പി.എം.എസ്. സംസ്ഥാന സമ്മേളനഭാഗമായി നടന്ന സ്മൃതിവര്‍ഷം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദൈവദശകം, ജാതിക്കുമ്മി എന്നീ കൃതികളെ മുന്‍നിര്‍ത്തിയാണ് സ്മൃതിവര്‍ഷം പരിപാടിയൊരുക്കിയത്.
ഇന്ത്യന്‍ നവോത്ഥാനത്തിന് പ്രചോദകമായത് ഭക്തിരസമാണെന്ന് സാനു പറഞ്ഞു. ഭാരതീയ തത്ത്വചിന്ത ലളിതമായി ചാലിച്ചെടുത്ത കൃതിയാണ് ശ്രീനാരായണ ഗുരുവിന്റെ ദൈവദശകം. ജാതിക്ക് കാരണം ഹിന്ദുമതമായതുകൊണ്ട് മതം മാറണമെന്ന വാദമുയര്‍ന്നു. ഇക്കാര്യത്തില്‍ ഗഹനമായ ചര്‍ച്ചയും നടന്നു. ആ ചര്‍ച്ചയുടെ പ്രസക്തി ഇന്നും നിലനില്‍ക്കുന്നു. മതവിശ്വാസം നമ്മുടെ ചിന്താഗതിയെ നിയന്ത്രിക്കുന്നുണ്ടോയെന്ന് ആഴത്തില്‍ പരിശോധിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുമതത്തിന്റെ ശാപം ജാതിഭേദമാണെന്ന് പി.എസ്.സി. ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞു. കേരളത്തിലെ പാലക്കാട്, കാസര്‍കോട് ജില്ലകളില്‍പോലും ഇന്നും അയിത്തം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
എം.എല്‍.എ.മാരായ പി.സി. വിഷ്ണുനാഥ്, രാജു എബ്രഹാം, പി. തിലോത്തമന്‍, എസ്.എന്‍.ഡി.പി. യോഗം മുന്‍ പ്രസിഡന്റ് അഡ്വ. സി.കെ. വിദ്യാസാഗര്‍, വി. ശ്രീധരന്‍, പി. ജനാര്‍ദ്ദനന്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.

Courtesy:Mathrubhumi Daily.

സാമ്പത്തിക സംവരണത്തിന് സമയമായിട്ടില്ല - മന്ത്രി അനില്‍കുമാര്‍

ആലപ്പുഴ:കേരളത്തില്‍ സാന്പത്തിക സംവരണം നടപ്പാക്കാന്‍ സമയമായിട്ടില്ലെന്ന് പട്ടികവിഭാഗ ക്ഷേമ - ടൂറിസം വകുപ്പ് മന്ത്രി എ.പി. അനില്‍ കുമാര്‍ പറഞ്ഞു. പട്ടികജാതി വിഭാഗങ്ങളില്‍പ്പെട്ടവര്‍ സമൂഹത്തിന്റെ മുഖ്യധാരയിലെത്തും വരെ സംവരണത്തിന്റെ തണല്‍ അവര്‍ക്ക് ആവശ്യമാണ്.
കെ.പി.എം.എസ്. നാല്പത്തി നാലാം സംസ്ഥാനസമ്മേളനത്തില്‍ അംബേദ്കര്‍ ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിന്നാക്ക വിഭാഗങ്ങള്‍ക്ക് എന്നും സംവരണത്തിന്റെ പിന്‍ബലത്തില്‍ കഴിയാനാവില്ലെന്നും മന്ത്രി പറഞ്ഞു. പിന്നാക്കക്കാരെ മുന്‍പന്തിയിലേക്കു കൊണ്ടുവരുന്നത് സംബന്ധിച്ച് മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളുടെ കാഴ്ചപ്പാടില്‍ മാറ്റം വരേണ്ടതുണ്ട്. ഗാന്ധിജിയും അംബേദ്കറും തുടങ്ങിവച്ച സാമൂഹിക നീതിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച വന്നിട്ടുണ്ടോ എന്ന് പരിശോധിക്കണം.
മതവിശ്വാസവുമായി ബന്ധപ്പെട്ട ഘര്‍വാപ്പസി സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനേ ഉപകരിക്കൂ. ഇവിടെനിന്ന് മറ്റുമതങ്ങളിലേക്കു ആളുകള്‍ പോയിട്ടുണ്ടെങ്കില്‍ അതെന്തുകൊണ്ട് സംഭവിച്ചുവെന്നുകൂടി ചിന്തിക്കണം. മറ്റുമതങ്ങളില്‍ ആഗ്രഹിച്ച സാമൂഹികനീതി കിട്ടാതെ വന്നിട്ടാവാം മടങ്ങിപ്പോരുന്നതെന്നും മനസ്സിലാക്കണം- മന്ത്രി പറഞ്ഞു.
പട്ടികജാതി വികസന നയം മെയ് മാസത്തോടെ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. അതിന്റെ കരടു വിവിധ തലങ്ങളില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്.
സംസ്ഥാന പ്രസിഡന്റ് പി.കെ. രാജന്‍ അധ്യക്ഷനായിരുന്നു. സംഘടനയുടെ ഉപഹാരം രക്ഷാധികാരി പുന്നല ശ്രീകുമാര്‍ മന്ത്രിക്കു സമ്മാനിച്ചു. ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. പ്രസംഗിച്ചു. അഡ്വ. എ.സനീഷ് കുമാര്‍ സ്വാഗതവും എന്‍. ബിജു നന്ദിയും പറഞ്ഞു.

Courtesy:Mathrubhumi,Malayala Manorama.

കെ.പി.എം.എസ് : പി.കെ.രാജൻ പ്രസിഡന്റ്


ആലപ്പുഴ: കെ.പി.എം.എസ് സംസ്ഥാന ഭാരവാഹികളായി പുന്നല ശ്രീകുമാർ (രക്ഷാധികാരി), പി.കെ.രാജൻ (പ്രസിഡന്റ്), പി.ജനാർദ്ദനൻ (വർക്കിംഗ് പ്രസിഡന്റ്), ബാബു കുന്നശേരി, സി.ബാബു (വൈസ് പ്രസിഡന്റുമാർ), ബൈജു കലാശാല (ജനറൽ സെക്രട്ടറി), പി.സജീവ് കുമാർ (സംഘടനാ സെക്രട്ടറി), ടി.എ.വേണു, ടി.എസ്.രജികുമാർ (അസി. സെക്രട്ടറിമാർ), എൽ.രമേശൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
എട്ടംഗ സംസ്ഥാന സെക്രട്ടേറിയറ്റിനെയും 51 അംഗ സംസ്ഥാന കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

13 April, 2015

സാമുദായിക സംവരണം അട്ടിമറിക്കാന്‍ അനുവദിക്കില്ല- കെ.പി.എം.എസ്

ആലപ്പുഴ:സാമുദായിക സംവരണം അട്ടിമറിക്കാനുള്ള ശ്രമങ്ങളെ ചെറുത്ത് തോല്പിക്കുമെന്ന് കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍. കെ.പി.എം.എസ്. 44-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം വേണമെന്നാണ് എന്‍.എസ്.എസ്. വാദിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സംവരണം അനുവദിച്ചില്ലെങ്കില്‍ കേന്ദ്രത്തെ സമീപിക്കുമെന്ന് പറയുവാന്‍ എന്‍.എസ്.എസ്സിന് എന്ത് ധൈര്യമാണുള്ളത്?
തൊഴില്‍ദാന പദ്ധതിയായും ദാരിദ്ര്യലഘൂകരണ പദ്ധതിയായും സംവരണത്തെ കാണരുത്. രാഷ്ട്രീയതുല്യതയും അവസരസമത്വവുമാണ് സംവരണത്തിന്റെ ലക്ഷ്യം. പാര്‍ലമെന്ററി രംഗത്തും ഉദ്യോഗമേഖലയിലും ഈ നേട്ടം കൈവരിക്കാന്‍ പിന്നാക്ക-ദളിത് വിഭാഗങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് ആത്മപരിശോധന നടത്തണം. അയിത്തത്തിന്റെ ദുരവസ്ഥ അനുഭവിച്ച സമുദായങ്ങള്‍ക്കാണ് ഭരണഘടനയില്‍ സംവരണം നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
സംവരണം നിര്‍ബന്ധമല്ലാത്ത ഇടങ്ങളില്‍ പട്ടികജാതിക്കാരെ തഴയുകയാണ്. സി.പി.ഐ.യുടെ നയരൂപീകരണ സമിതിയിലും സി.പി.എമ്മിന്റെ സംസ്ഥാന കമ്മിറ്റിയിലും പട്ടികജാതിക്കാരുടെ എണ്ണം പരിശോധിച്ചാല്‍ ബോധ്യമാകും. സംവരണമില്ലാത്തതിനാല്‍ സംസ്ഥാനത്തെ ഒന്‍പത് രാജ്യസഭാ സീറ്റില്‍ ദളിതരെ രാഷ്ട്രീയ പാര്‍ട്ടികള്‍ തഴഞ്ഞു. ഇത്തരം വിവേചനങ്ങള്‍ക്കെതിരെ ആശയപരമായി സംഘടനയെ ശക്തിപ്പെടുത്തണമെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് പി.കെ. രാജന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബൈജു കലാശാല പ്രവര്‍ത്തന റിപ്പോര്‍ട്ടും ഖജാന്‍ജി എല്‍.രമേശന്‍ വരവുചെലവ് കണക്കും അവതരിപ്പിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു കുന്നിശ്ശേരി അനുസ്മരണ പ്രമേയവും സി. സത്യവതി അനുശോചന പ്രമേയവും അവതരിപ്പിച്ചു. വര്‍ക്കിങ് പ്രസിഡന്റ് എം.കെ. വിജയന്‍ പതാക ഉയര്‍ത്തി. അസിസ്റ്റന്റ് സെക്രട്ടറി പി. സജീവ്കുമാര്‍ സ്വാഗതം പറഞ്ഞു. സമ്മേളനം 14ന് നടക്കുന്ന അംബേദ്ക്കര്‍ ജയന്തി സമ്മേളനത്തോടെ സമാപിക്കും.