29 March, 2015

കെ.പി.എം.എസ്സിന്റെ ശക്തി പ്രാദേശിക പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകണം-പുന്നല ശ്രീകുമാര്

കൊല്ലം:കെ.പി.എം.എസ്സിന്റെ ശക്തി പ്രാദേശിക പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകണമെന്നും ആശയസംവാദത്തിന് വേണ്ടിയുള്ള അവസരങ്ങള്‍ക്കുവേണ്ടി വേദിയൊരുക്കണമെന്നും പുന്നല ശ്രീകുമാര്‍ പറഞ്ഞു. കെ.പി.എം.എസ്സിന്റെ 44-ാം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനറല്‍ കണ്‍വീനര്‍ എന്‍.അംബുജാക്ഷന്‍ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എല്‍.രാജന്റെ അധ്യക്ഷതയില്‍ ജില്ലാ സെക്രട്ടറി ടി.എസ്.രജികുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഡി.ഉദയസേനന്‍ വരവുചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് പി.കെ.രാജന്‍, ആക്ടിങ് സെക്രട്ടറി വി.ശ്രീധരന്‍, സെക്രട്ടേറിയറ്റ് അംഗം എന്‍.ബിജു, വി.സത്യവതി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സോമശേഖരന്‍, സത്യാനന്ദന്‍, എം.ജെ.ഉത്തമന്‍ എന്നിവര്‍ സംസാരിച്ചു.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍ക്കും സ്വയംസഹായ സംഘങ്ങള്‍ക്കും വ്യാവസായികരംഗത്ത് കടന്നുവരുവാന്‍ കഴിയത്തക്ക രീതിയില്‍ ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നും പെരിനാട് വിപ്ലവത്തിന്റെ നൂറാം വാര്‍ഷിക ചരിത്രസ്മാരകമായി കൊല്ലം ജില്ലാ പഞ്ചായത്ത് പരിസരത്തുള്ള കമ്മാന്‍കുളം സംരക്ഷിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജില്ലാ ഭാരവാഹികളായി കെ.സുരേന്ദ്രന്‍ (പ്രസി.) ഡി.സുഗതന്‍, സി.സത്യനാഥന്‍ (വൈ. പ്രസി.മാര്‍), കെ.സത്യാനന്ദന്‍ (സെക്ര.), പി.രഘു, പി.സുധാകരന്‍ (അസി. സെക്ര.) ബി.ആര്‍.ശശി (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.

24 March, 2015

ആത്മീയരംഗത്ത് ഇനിയും വിപ്ലവങ്ങള്‍ നടക്കേണ്ടതുണ്ട്-പുന്നല ശ്രീകുമാർ

തുറവൂര്‍:ആത്മീയരംഗത്ത് ഇനിയും വിപ്ലവങ്ങള്‍ നടക്കേണ്ടതുണ്ടെന്ന് കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പറഞ്ഞു. പാറയില്‍ ചെമ്പകശ്ശേരി കാവിലെ പൊങ്കാലയുടെ ഭദ്രദീപ പ്രകാശനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ശ്രീനാരായണഗുരു അരുവിപ്പുറത്ത് നടത്തിയ പ്രതിഷ്ഠയായിരുന്നു ആത്മീയ രംഗത്തെ മുന്നേറ്റത്തിനു തുടക്കവും ഊര്‍ജവും പകര്‍ന്നത്. എന്നാല്‍ അതിനുശേഷം എടുത്തുപറയത്തക്ക വിപ്ലവം ഒന്നുംതന്നെ ഉണ്ടായില്ല. കലാകാരന് തന്റെ കഴിവുകള്‍ ദൈവസന്നിധിയില്‍ അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തെപോലും തടയുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. സുനി വി.വളപ്പനൊടിത്തറ അധ്യക്ഷനായിരുന്നു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി രമേഷ് മണി, തുറവൂര്‍ യൂണിയന്‍ പ്രസിഡന്റ് സത്യന്‍, സെക്രട്ടറി വി.വി. നാരായണന്‍, രജിമോന്‍, സുധീഷ്‌ലാല്‍ ഞുണ്ടുമുറി, ഷൈജുമോന്‍ കണ്ടത്തിത്തറ എന്നിവര്‍ സംസാരിച്ചു. കലശാഭിഷേകം, അന്നദാനം, ഉച്ചക്കളം, അന്തിക്കളം, മഹാഗുരുതി എന്നിവയുണ്ടായിരുന്നു.

നവോത്ഥാനചരിത്രം വളച്ചൊടിക്കാന്‍ അനുവദിക്കില്ല -പുന്നല ശ്രീകുമാര്

വൈക്കം:വൈക്കം സത്യാഗ്രഹം അടക്കമുള്ള നവോത്ഥാന പോരാട്ടങ്ങളുടെ ചരിത്രം വളച്ചൊടിക്കാന്‍ അനുവദിക്കില്ലെന്ന് കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പറഞ്ഞു. ചാതുര്‍വര്‍ണ്യവ്യവസ്ഥിതിയുടെ ജീര്‍ണതകള്‍ക്കെതിരായ പോരാട്ടമായിരുന്നു വൈക്കംസത്യാഗ്രഹം. കെ.പി.എം.എസ്. ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീകുമാര്‍.
ജില്ലാ പ്രസിഡന്റ് ഡോ. ടി.വി.സുരേഷ്‌കുമാര്‍ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് പി.കെ.രാജന്‍, അസിസ്റ്റന്റ് സെക്രട്ടറി പി.സജീവ്കുമാര്‍, സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.ജനാര്‍ദ്ദനന്‍, അഡ്വ. എ.സനീഷ്‌കുമാര്‍, സി.സത്യവതി, ജില്ലാ സെക്രട്ടറി അജിത് കല്ലറ, സംസ്ഥാനകമ്മിറ്റിയംഗങ്ങളായ സാബു കാരിശ്ശേരി, അനില്‍ അമര, സി.ചന്ദ്രന്‍, എം.വി.രാജു, െറജി മൂലക്കര, അനീഷ് വാഴപ്പള്ളി, അനില്‍ കാരിക്കോട്,, മജീഷ് പി.എം, ലതിക സജീവ്, മിനി പ്രകാശ്, ചെല്ലമ്മ ഗോപിനാഥ്, സുദര്‍ശന ബാലകൃഷ്ണന്‍, വിജിനി കൃഷ്ണകുമാര്‍, മധു ഉല്ലല, പി.കെ.അശോകന്‍, ബാബു വടക്കേമുറി, കെ.വിദ്യാധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

17 March, 2015

പള്ളിവാള്‍ മിന്നിച്ച്, അരമണി കിലുക്കി, കാല്‍ചിലമ്പ് താളത്തില്‍ കാലുയര്‍ത്തി ചവിട്ടി

പള്ളിവാള്‍ മിന്നിച്ച്, അരമണി കിലുക്കി, കാല്‍ചിലമ്പ് താളത്തില്‍ കാലുയര്‍ത്തി ചവിട്ടി, ചുവന്ന കണ്ണിനാല്‍ ദേവിയെ രൂക്ഷമായൊന്ന് നോക്കി തന്‍റ സമൃദ്ധമായ മുടിയിഴകള്‍ ഒറ്റ കുലുക്കിന് പുറകോട്ടെറിഞ്ഞ് വെളിച്ചപ്പാടൊന്നുറഞ്ഞ് തുള്ളി.

മുതിര്‍ന്ന സ്ത്രീകള്‍ മുടിയഴിച്ചിട്ടാടി. താലമെടുത്ത പട്ടു പാവാടക്കാരികള്‍ നിന്ന് വിറച്ചു.
കരിങ്കുട്ടിയാവേശിച്ച ബാല്യക്കാരന്‍ 'മുടുങ്കോല്‍ വടി' കൊണ്ട് പുറത്തടിച്ചു.

താളത്തിലുയര്‍ന്ന ചെണ്ട പ്പെരുക്കത്തില്‍ അവകാശികള്‍ അരയില്‍ ചുവന്ന പട്ടു കെട്ടിയാടി.

അരയാലും, പുന്നിലഞ്ഞിയും, കള്ളി ചെമ്പകവും വിറകൊണ്ടു.
കുരുത്തോല തലപ്പുകളില്‍ കെട്ടിയ ചെമ്പരത്തിപൂക്കള്‍ വാള്‍ തലപ്പിനാലറ്റു വീണു.
നൂറും, മഞ്ഞളും കൂട്ടി തൊട്ടത് നെറ്റിത്തട വിയര്‍പ്പിനാലൊഴുകി പരന്നു.

ദ്രുത താളത്തിലുയര്‍ന്ന് താഴ്ന്ന വലംതലയിലെ പെരുമഴ പെയ്ത് തോര്‍ന്നു.

വലിയൊരു 'ഹുങ്കാര'ത്തോടെ ദേവീ പുരുഷന്‍ നെറുകയില്‍ വാള്‍ കൊണ്ട് വെട്ടി.
ചാലിട്ടൊഴുകിയ രക്തം കണ്ടതും
അരുളപ്പാടിനായി കാതോര്‍ത്തു. താന്താങ്ങളുടെ സങ്കടങ്ങളെല്ലാം നിറമിഴിയോടെ ദേവീസ്വരൂപത്തില്‍ സമര്‍പ്പിച്ചു.

ഇടംകയ്യില്‍ പള്ളിവാളുയര്‍ത്തി വലം കയ്യിനാല്‍ അരിയും, പൂവും കൂട്ടിയെറിഞ്ഞനുഗ്രഹിച്ച കോമരം ദേവീ നടയില്‍ വലിഞ്ഞമര്‍ന്നു.

നിറകൊണ്ട പാതിരക്കും ഗുരുതിക്കുഴിഞ്ഞ് വെച്ച കോഴികള്‍ ഉശിരു കാട്ടി.

പൂര്‍വ്വ പിതാക്കന്‍മാരായ മുത്തപ്പന്‍മാര്‍ക്ക് തുടി കൊട്ടി തോറ്റം. ഒറ്റ ചിലമ്പും, കൈമണിയും കൂടി പാടി.

കുത്തുവിളക്കിലെ വാഴപ്പോള നടുവെരിഞ്ഞുണങ്ങി.

കുംഭം പിറന്നപ്പോള്‍ കാവുണര്‍ത്തിയവരെല്ലാം അശ്വതി കാവ് തീണ്ടാന്‍ ഒരുങ്ങി കഴിഞ്ഞു. മീനഭരണിയില്‍ കൊടുങ്ങല്ലൂരിലമര്‍ന്നാല്‍ കുടി കൂട്ടി പിരിയാം.

മേടത്തില്‍ പെയ്യുന്ന മഴയില്‍ കിളിര്‍ക്കാം പുതു നാമ്പുകള്‍.
കന്നിനെ തെളിക്കാനിനി പാടത്തേക്കിറങ്ങാം.ദേവിയേയും മാലോകരേയും ഊട്ടുവാനുണ്ട്.

അതിനാണീ പൂട്ടല്‍...
അതിനാണീ കന്ന് പൂട്ടല്‍..... എല്ലാരുമുണ്ണട്ടെ.....
പാല്‍പായസം കൂട്ടിയുണ്ണട്ടെ! പടച്ചോറുണ്ണട്ടെ.
അരവണയും, തൃമധുരവും, കടും പായസവും കൂട്ടി മൂക്ക് മുട്ടെയുണ്ണട്ടെ.
ആയിരം തിരി നീട്ടി നെയ്ത്തിരി വെളിച്ചത്തിലുണ്ണട്ടെ!!

അപ്പോഴുമെന്‍റ മുത്തപ്പന് കള്ളും, തവിടും ചിരട്ടയില്‍ കിട്ടും. എണ്ണയൊഴിക്കാതെ കത്തുന്നൊരൊറ്റ തിരി മതിയെനിക്ക്. ഇരട്ട ചൂട്ടും ഒറ്റ പന്തവും ധാരാളം.
വാല്‍ കിണ്ടിയിലൊഴിച്ച നറുംപാല് വേണ്ട.
പാലും പൊടിയും, നൂറും പാലും വേണ്ട.

അതിനിടക്കെപ്പഴോയെന്‍റയമ്മ പുള്ളി കുത്തിയ പുത്തന്‍ കലത്തില്‍ കലം കരിച്ചു.

ഇനിയെനിക്കുള്ളത് പൊട്ടിയ ബലൂണ്‍ കഷ്ണങ്ങളും, ഏതാനും ചില വളപ്പൊട്ടുകളും മാത്രം.

ഇനിയൊന്നുറങ്ങണം. ഓലയില്‍ കിടന്നുറങ്ങണം. നാടന്‍ കോഴി തേങ്ങ പൂളിട്ട് വെന്ത് മണം വരുന്നത് വരെ മാത്രം.

Aneesh Parappanangadi

11 March, 2015

പുന്നല ശ്രീകുമാര്‍ ചെയര്‍മാന്‍

തിരുവനന്തപുരം:തിരുവനന്തപുരത്തുകൂടിയ പഞ്ചമി സ്വയംസഹായ സംഘത്തിന്റെ 5-ാം വാര്‍ഷികസമ്മേളനം ചെയര്‍മാനായി പുന്നല ശ്രീകുമാറിനെ തിരഞ്ഞെടുത്തു. പി.കെ.രാജന്‍ (കോ-ഓര്‍ഡിനേറ്റര്‍), വി.ശ്രീധരന്‍ (സ്റ്റേറ്റ് ഓര്‍ഗനൈസര്‍), സി.സത്യവതി (ഖജാന്‍ജി), സുജാ സതീഷ് (വൈസ്​പ്രസിഡന്റ്), ദേവരാജ് പാറശ്ശാല (അസി.കോ-ഓര്‍ഡിനേറ്റര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

കെ പി എം എസ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിന് ഭൂമി നല്‍കും

തിരുവനന്തപുരം: പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിന് കോളജുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി കേരള പുലയര്‍ മഹാസഭ (കെ പി എം എസ്)ക്ക് സര്‍ക്കാര്‍ അനുവദിച്ച ആര്‍ട്‌സ് ആന്റ് സയന്‍സ് എയ്ഡഡ് കോളജിന് ആറ് ഏക്കര്‍ ഭൂമി വിട്ടുനല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പത്തനാപുരം പിറവന്തൂരില്‍ കിന്‍ഫ്രയുടെ കൈവശമുള്ള 51 ഏക്കര്‍ ഭൂമിയില്‍ നിന്നാണ് സ്ഥലം അനുവദിക്കുകയെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കരുത്തറിയിച്ച് കെ.പി.എം.എസ്. പ്രകടനം; താലൂക്ക് യൂണിയന്‍ സമ്മേളനം സമാപിച്ചു.

പുത്തൂര്‍:കെ.പി.എം.എസ്. കൊട്ടാരക്കര താലൂക്ക് യൂണിയന്‍ സമ്മേളനം പുത്തൂരില്‍ സമാപിച്ചു. പുത്തൂര്‍ വ്യാപാരഭവനില്‍ നടന്ന പ്രതിനിധിസമ്മേളനം ജനറല്‍ സെക്രട്ടറി ബൈജു കലാശാല ഉദ്ഘാടനം ചെയ്തു.
മതേതരത്വം ഏറ്റവും അധികം വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ സാമൂഹിക സംഘടനകള്‍ സംസ്‌കാരത്തിന്റെ കാവലാളുകളാകാന്‍ മുന്നോട്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു. ചെമ്പന്‍പൊയ്ക അശോകന്‍ അധ്യക്ഷനായി. ജി.എന്‍.മനോജ് റിപ്പോര്‍ട്ടും ഡി.തങ്കപ്പന്‍ വരവുചെലവ് കണക്കുകളും വി.ശ്രീധരന്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം പഞ്ചമി സംസ്ഥാന ഓര്‍ഗനൈസര്‍ വി.ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. സംസ്ഥാനസമിതി അംഗം വയയ്ക്കല്‍ മധു, കെ.എസ്.വേണുഗോപാല്‍, അഡ്വ. തോമസ് വര്‍ഗീസ്, യൂണിയന്‍ കെ.സത്യാനന്ദന്‍, കെ.സോമശേഖരന്‍, അരുണ്‍ കൈതക്കോട്, ബി.ആര്‍.ശശി, എം.ഹരി എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിന് മുന്നോടിയായി പുത്തൂര്‍ ആലയ്ക്കല്‍മുക്കില്‍നിന്ന് ആരംഭിച്ച പ്രകടനത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. പുതിയ ഭാരവാഹികളായി ജി.എന്‍.മനോജ് (പ്രസി.), എസ്.രാകേഷ് (സെക്ര.), ചെമ്പന്‍പൊയ്ക അശോകന്‍ (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.

ചാത്തന്‍മാസ്റ്ററുടെ പ്രതിമ സ്ഥാപിക്കണം: കെ.പി.എം.എസ്.

ഇരിങ്ങാലക്കുട:കേരള പുലയര്‍ മഹാസഭ സ്ഥാപക നേതാവും മന്ത്രിയുമായിരുന്ന പി.കെ. ചാത്തന്‍മാസ്റ്ററുടെ പ്രതിമ ഇരിങ്ങാലക്കുട ബസ്സ്റ്റാന്റ് പരിസരത്ത് സ്ഥാപിക്കണമെന്ന് ഇരിങ്ങാലക്കുട ഏരിയ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. ടൗണ്‍ഹാളില്‍ നടന്ന സമ്മേളനം സഭാ രക്ഷാധികാരി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.വി. വിവേക് അദ്ധ്യക്ഷത വഹിച്ചു. ബാബു കുന്നശ്ശേരി മുഖ്യപ്രഭാഷണം നടത്തി.
സ്‌കൂള്‍ കലോത്സവത്തില്‍ സമ്മാനങ്ങള്‍ നേടിയ നാടകങ്ങളുടെ രചയിതാവ് സജീവന്‍ മുരിയാട്, നാടോടിനൃത്തത്തില്‍ എ ഗ്രേഡ് നേടിയ ശ്രീരാഗ്, എസ്.എസ്.ടി. സഹകരണ ഫെഡറേഷന്‍ ഡയറക്ടര്‍ പി.കെ. ഭാസി തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു. എം.എ. വിജേഷ്, പഞ്ചമി ചെയര്‍മാന്‍ കെ.സി. സുധീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികളായി പി.സി. കരുണന്‍ !(പ്രസി.), പ്രദീഷ് പി.വി. (സെക്ര.), ഉണ്ണികൃഷ്ണന്‍ എ.പി. (ട്രഷ.) എന്നിവരെ തിരഞ്ഞെടുത്തു.

അയിത്താചാരങ്ങൾ തലപൊക്കുന്നത് ജാഗ്രതയോടെ കാണണം:ബൈജു കലാശാല

കൊരട്ടി:നവോത്ഥാന നായകന്മാര്‍ പോരാട്ടങ്ങളിലൂടെ അവസാനം കുറിച്ച അയിത്താചാരങ്ങള്‍ വീണ്ടും തലപൊക്കുന്നത് സാംസ്‌കാരിക കേരളം ജാഗ്രതയോടെ കാണണമെന്ന് കെ.പി.എം.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ബൈജു കലാശാല അഭിപ്രായപ്പെട്ടു.
കെ.പി.എം.എസ്. കൊരട്ടി യൂണിയന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിയന്‍ പ്രസിഡന്റ് പി.എ. രവി അധ്യക്ഷത വഹിച്ചു.
കെ.പി.എം.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു കുന്നിശ്ശേരി, സംസ്ഥാന കമ്മിറ്റി അംഗം സജീവ് പള്ളത്ത്, പഞ്ചായത്ത് വികസനകാര്യ ചെയര്‍മാന്‍ അഡ്വ. കെ.ആര്‍. സുമേഷ്, സി.പി.ഐ. നിയോജക മണ്ഡലം സെക്രട്ടറി അഡ്വ.കെ. നന്ദകുമാര്‍ വര്‍മ്മ, ബി.ജെ.പി. പഞ്ചായത്തുകമ്മിറ്റി പ്രസിഡന്റ് പി. ജി. സത്യപാലന്‍, ജനതാദള്‍ യു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജോര്‍ജ് വി. ഐനിക്കല്‍, യൂണിയന്‍ സെക്രട്ടറി സുബ്രന്‍ കൂട്ടാല, ടി.വി. ശശി, കെ.പി. രവി. ടി.പി. അശോകന്‍, സുബ്രന്‍ കക്കാട്, ജിജു ആറ്റപ്പാടം എന്നിവര്‍ പ്രസംഗിച്ചു.

ആവശ്യങ്ങൾ അവകാശമാക്കാനുള്ള പോരാട്ടം ശക്തമാക്കും: പി കെ രാജൻ.

ആവശ്യങ്ങൾ അവകാശമാക്കാനുള്ള പോരാട്ടം ശക്തമാക്കും: പി കെ രാജൻ.

08 March, 2015

പുലയര്‍സമുദായം നാളെയുടെ ഗതി നിര്‍ണയിക്കുന്നതില്‍ പ്രധാന ശക്തിയാകും:പുന്നല ശ്രീകുമാര്‍

ചേരപ്പള്ളി:പുലയര്‍സമുദായം നാളെയുടെ ഗതി നിര്‍ണയിക്കുന്നതില്‍ പ്രധാന ശക്തിയാകുമെന്ന് കേരള പുലയര്‍ മഹാസഭ സംസ്ഥാന രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പറഞ്ഞു. കെ.പി.എം.എസ്. ആര്യനാട് ഏരിയാ യൂണിയന്‍ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്യനാട് കാഞ്ഞിരംമൂട് പാച്ചിറ സുഗതന്‍ നഗറില്‍ യൂണിയന്‍ പ്രസിഡന്റ് ഷിബുരാജിന്റെ അധ്യക്ഷതയില്‍ നടന്ന പൊതുസമ്മേളനത്തില്‍ കടകുളം രാജേന്ദ്രന്‍, ബി.എസ്. സതീശന്‍, വെള്ളാര്‍ സതീശന്‍, കുന്നുകുഴി ശിവന്‍കുട്ടി, മുകേഷ്, ബിനു കഴക്കൂട്ടം, ബിന്ദു സുഗതന്‍, കുമാരി അശ്വതി, എസ്.സജീവ്, ബി. സജീവ് എന്നിവര്‍ സംസാരിച്ചു.
പ്രതിനിധി സമ്മേളനം സംസ്ഥാന ട്രഷറര്‍ എല്‍. രമേശന്‍ ഉദ്ഘാടനം ചെയ്തു. ആലംകോട് സുരേന്ദ്രന്‍, വിമല ടി. ശശി, രതീഷ്, ഷാജുകുമാര്‍, രാധാമണി പുല്ലുകാട്, വിജിത, അരുണ്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പരുത്തിക്കുഴി സാബു (പ്രസി.), വിതുര ഷാജി (വൈസ് പ്രസി.), ആര്യനാട് സജീവ് (സെക്ര.), ചേരപ്പള്ളി വിജയന്‍ (ജോ.സെക്ര.), പുളിമൂട് സജീവ് (ട്രഷ.).

04 March, 2015

കേരളാ പുലയർ മഹിളാ ഫെഡറേഷൻ വനിതാ സമ്മേളനം

"‪അവഗണനയും അരുമയുമല്ല പെരുമയാണ് പെണ്ണിൻറ്റെ സ്വത്വം‬"

‪‬
മാർച്ച് 8
ലോകവനിതാദിനം....

കേരളാ പുലയർ മഹിളാ ഫെഡറേഷൻ വനിതാ സമ്മേളനം 2015 മാർച്ച് 8 ന് തിരുവനന്തപുരം ഭാഗ്യമാല ആഡിറ്റോറിയത്തിൽ ശ്രീ രമേശ് ചെന്നിത്തല ( ബഹു ; ആഭ്യന്തര വകുപ്പ് മന്ത്രി ) ഉദ്ഘാടനം ചെയ്യും.

മിത്രങ്ങളെ

നൂറ്റാണ്ടുകളോളം നീണ്ടുനിന്ന നിരന്തര പോരാട്ടങ്ങളുടെ ഫലമായാണ് നിലവിലുള്ള നാമമാത്രമായ സാമൂഹ്യ സമത്വത്തിൽ സ്രതീകൾ എത്തിച്ചേർന്നത്.സ്രതീ സ്വത്വമെന്നത് ഒരു സാംസ്കാരിക നിർമ്മിതിയാണെന്ന യാഥാർത്ഥ്യം അംഗീകരിക്കാതെ സ്രതീയുടെ നിലനിൽപ്പിനുള്ള സംവാദങ്ങൾക്ക് പ്രസക്തിയുണ്ടാവില്ല.

"‪‎മാർച്ച്_8‬
‪ലോകവനിതാദിനം‬".
തങ്ങളുടെ അസ്ഥിത്വത്തെക്കുറിച്ചും അധികാരത്തിൽ ലഭിക്കേണ്ടുന്ന പങ്കിനെക്കുറിച്ചും സമൂഹത്തെ ഓർമിപ്പിക്കേണ്ടുന്ന സവിശേഷദിനം....!

സമൂഹചലനങ്ങളെ സമഗ്രതയോടെ നോക്കികാണാനും പൊതുസമൂഹത്തിൻറ്റെ നിർമ്മിതിയിൽ സാന്നിദ്ധ്യമറിയിക്കാനും സമ്മർദ്ദ ഗ്രൂപ്പാവാനും അധിശത്വ കേന്ദ്രീകൃതമായ ജീവിതപരിസരത്തെയും സംസ്കാരത്തെയും നിഷേധിച്ച്..
ഗുണകരമായ തിരുത്തലുകൾക്കുവേണ്ടി സാമൂഹ്യ നീതിയുടെ പോരാളികളാകാൻ.. KPMF-ൻറ്റെ ഈ സംവാദവേദിയിലേക്ക് സവിനയം സ്വാഗതം ചെയ്യുന്നു..

അഭിവാദനങ്ങളോടെ,

കെ.കെ.വിനോമ(പ്രസിഡൻറ്റ്)

സുനന്ദാരാജൻ(ജനറൽ സെക്രട്ടറി)

വിമല ടി.ശശി(ഖജാൻജി)

തിരുവനന്ദപുരം
20-02-2015

02 March, 2015

സാമൂഹിക ജീര്‍ണതകള്‍ക്കെതിരെ നവോത്ഥാന ശക്തികളുടെ ഐക്യനിരയുണ്ടാകണം-പുന്നല ശ്രീകുമാര്‍

അടൂര്‍:സാമൂഹിക ജീര്‍ണതകള്‍ക്കെതിരെ നവോത്ഥാന പൈതൃകമുള്ള ശക്തികളുടെയും പ്രസ്ഥാനങ്ങളുടെയും ഐക്യനിരയുണ്ടാകണമെന്ന് കെ.പി.എം.എസ്. രക്ഷാധികാരി പുന്നല ശ്രീകുമാര്‍ പറഞ്ഞു. കെ.പി.എം.എസ്. അടൂര്‍ യൂണിയന്റെ 30-ാം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്ന ഈ കാലത്ത് രാജ്യത്ത് സംവരണം ആവശ്യപ്പെടുന്ന ജനവിഭാഗങ്ങളുടെ സാമൂഹിക സുരക്ഷിതത്വം ആശങ്കപ്പെടുത്തുന്ന അവസ്ഥയാണ്. ഇതിനെതിരെ ദുര്‍ബല ജനവിഭാഗങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
യൂണിയന്‍ പ്രസിഡന്റ് അജോമോന്‍ വള്ളിയാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ അഡ്വ. പഴകുളം മധു, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ടി.ആര്‍.അജിത്കുമാര്‍, കെ.എന്‍.അച്യുതന്‍, കെ.വി.സുരേഷ്‌കുമാര്‍, പി.കെ.മോഹനന്‍, കെ.സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

01 March, 2015

വ്യാവസായിക വളര്‍ച്ചയില്‍ പട്ടികവിഭാഗങ്ങള്‍ക്ക് അവസരം നല്‍കണം- പുന്നല ശ്രീകുമാര്

ചെങ്ങന്നൂര്‍:രാജ്യം ലക്ഷ്യമിടുന്ന വ്യാവസായികവളര്‍ച്ചയില്‍ പട്ടികവിഭാഗങ്ങള്‍ക്ക് അവസരം നല്‍കണമെന്ന് കെ.പി.എം.എസ്. രക്ഷാധികാരിയും പഞ്ചമി ചെയര്‍മാനുമായ പുന്നല ശ്രീകുമാര്‍ പറഞ്ഞു. കെ.പി.എം.എസ്. ചെങ്ങന്നൂര്‍ താലൂക്ക് യൂണിയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലവില്‍ പട്ടികവിഭാഗങ്ങളുടെ ദാരിദ്ര്യലഘൂകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. വ്യാവസായിക വികസനത്തില്‍ ഇടപെടാന്‍ ക്ലസ്റ്റര്‍ രൂപവത്കരണത്തിന് കെ.പി.എം.എസ്. നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
യൂണിയന്‍ പ്രസിഡന്റ് മനോജ് പാറക്കുഴി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ബൈജു കലാശാല മുഖ്യപ്രഭാഷണം നടത്തി. സി.കെ. ബാബുരാജ്, സി.സി. ബാബു, കെ. രാജന്‍, സിബിക്കുട്ടന്‍, എന്‍. സുരേഷ്, ശശിധരന്‍ ചാരുംമൂട്, വി.കെ. ശശിധരന്‍, എം.കെ. സന്തോഷ് കുമാര്‍, ആര്‍. രമ്യ, ഭാര്‍ഗ്ഗവി, ശുഭ സതീഷ്, ഷൈന്‍ എഴുപുന്ന, കെ.കെ. രാജമ്മ, വിനായകി സുരേഷ്, ബിനു രാജേഷ്, മിനി ബോസ്, വിലാസിനി രാജു, കെ.ജി. ബിജു, അനുപ്രിയ, പി.കെ. ചെല്ലപ്പന്‍, പി.എം. വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.